കോഴിക്കോട്: പ്രളയ ദുരിതബാധിതർക്ക് സഹായധനം നൽകുന്ന ഫണ്ടിൽ നിന്ന് കോഴിക്കോട് കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയയത് 97600 രൂപയെന്ന് കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7 തവണയായി 43400 രൂപയും , സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 9 തവണയായി 34200 രൂപയും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി.
ഇത് കൂടാതെ ഒരേ അക്കൗണ്ടിലേക്ക് പലതവണയായി 20000 രൂപയും നൽകി. ഉദ്യോഗസ്ഥൻ ഗുരുതര ക്രമക്കേട് നടത്തിയെന്നാണ് സീനിയർ ഫിനാൻസ് ഓഫീസറുടെ കണ്ടെത്തൽ. പണം കിട്ടിയ ഇയാളുടെ ബന്ധുവിൽ നിന്നും പണം തിരിച്ചു പിടിച്ചിരുന്നു. ഉമാകാന്തൻ ഇപ്പോൾ സസ്‌പെൻഷനിലാണ്.
2018-ലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം വിതരണം ചെയ്തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി കണ്ടെത്തിയത് സീനിയർ ഫിനാൻസ് ഓഫീസറുടെ അന്വേഷണത്തിലാണ്. മഹാപ്രളയത്തിൽ കോഴിക്കോട് താലൂക്കിൽ പ്രളയം ബാധിച്ച 20,000-ത്തിലധികം പേർക്കായി അടിയന്തിര ധനസഹായ തുക 22 കോടി 35 ലക്ഷം രൂപയാണ് ആകെ വിതരണം ചെയ്തത്. അന്വേഷണ റിപ്പോർട്ട് തുടർനടപടിക്കായി കോഴിക്കോട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരിക്കുകയാണ്.