തീറ്റയ്ക്കായി തെരുവുനായ്ക്കൾ കൂട്ടംചേർന്ന് ഒമ്പത്‌ ആടുകളെ കടിച്ചുകൊന്നു

കൊച്ചി: തീറ്റയ്ക്കായി തെരുവുനായ്ക്കൾ ഒമ്പത്‌ ആടുകളെ അതിക്രൂരമായി കടിച്ചുകൊന്നു. പട്ടിമറ്റത്താണ് തെരുവുനായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ച് തീറ്റയ്ക്കായി കെട്ടിയിട്ടിരുന്ന ആടുകളെയാണ് കൊന്നത്. പട്ടിമറ്റം ഗോകുലം പബ്ളിക് സ്കൂളിനടുത്തുള്ള മലയിലാണ് ആടുകളെ കെട്ടിയിരുന്നത്. പട്ടിമറ്റം മംഗലത്ത് എംസി രാജന്റെ എട്ട്‌ ആടുകളെയും എടത്തുംകുടി അലിയാരുടെ ഒരാടിനെയുമാണ് കൊന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അലിയാരുടെ വീട്ടിൽ കെട്ടിയിരുന്ന ആടിനെ കടിച്ചത്.

വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും നായ്ക്കൾ ഓടിമറഞ്ഞിരുന്നു. തുടർന്ന് നായ്ക്കൂട്ടം മലയിലേക്ക് നീങ്ങി എട്ട്‌ ആടുകളെ കടിച്ചു. ആകെയുള്ള 13 ആടുകളിൽ 10 ആടുകളെയാണ് മലയിൽ കെട്ടിയിരുന്നതെന്ന് രാജൻ പറഞ്ഞു.

ആറുമാസം മുതൽ 15 മാസം വരെ പ്രായമുള്ളതാണ്. വൈകീട്ട് 4-നു ശേഷമാണ് ആക്രമണമുണ്ടായത്. ഗോകുലം സ്കൂളിൽ കളിക്കാനെത്തിയ കുട്ടികൾ ആടുകളുടെ കരച്ചിൽ കേട്ടെത്തുമ്പോഴാണ് സംഭവമറിഞ്ഞത്. ആദ്യമായാണ് ഇത്തരം അനുഭവം ഉണ്ടാകുന്നതെന്ന് രാജൻ പറഞ്ഞു. വൈകീട്ട്‌ മൂന്നുവരെ ആടുകൾ കൂട്ടിലായിരിക്കും. മൂന്നിനു ശേഷമാണ് മലയിൽ കെട്ടിയിടുന്നത്‌.

പട്ടിമറ്റം ടൗൺ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. രാത്രികാലങ്ങളിൽ ജങ്‌ഷനിലെ റോഡുകളിലാണ് ഇവയുടെ വാസം. നേരത്തെ ചെങ്ങരയിൽ സമാനരീതിയിൽ രാത്രിയിൽ, കൂട്ടിലിട്ടുവളർത്തിയ ആടുകളെ ആക്രമിച്ചിരുന്നു.