ടോൾ പ്ളാസയിൽ തടഞ്ഞ് അപമാനിച്ചു; ഒരു ലക്ഷം നഷ്ടപരിഹാരം തേടി കാർ യാത്രക്കാരൻ

കൊച്ചി: മതിയായ തുക ഫാസ് ടാഗില്‍ ഉണ്ടായിരുന്നിട്ടും കാര്‍ യാത്രികനെയും കുടുംബത്തെയും കുമ്പളം ടോള്‍ പ്ലാസയില്‍ തടഞ്ഞു വച്ച്‌ അപമാനിച്ചെന്ന പരാതിയില്‍ ദേശീയ പാത അതോറിറ്റി ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്‌ക്കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.

ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൂണിത്തുറ സ്വദേശി ശങ്കര്‍ നിവാസില്‍ അഡ്വ. എസ്. റസല്‍ സമര്‍പ്പിച്ച പരാതിയിലാണ് ഡി.ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ശ്രീവിദ്യ ടി.എന്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്.

പരാതിക്കാരന്റെ വാലറ്റില്‍ 315 രൂപ 90 പൈസ ബാലന്‍സ് ഉണ്ടായിരുന്നിട്ടും മതിയായ തുക ഇല്ലെന്നു പറഞ്ഞ് പത്തുമിനിറ്റോളം കാര്‍ തടഞ്ഞു വയ്ക്കുകയും ജനമദ്ധ്യത്തില്‍ വച്ച്‌ അസഭ്യം പറയുകയും ചെയ്തു. ഇരട്ടി തുക നിയമവിരുദ്ധമായി ഈടാക്കിയതിനു ശേഷം മാത്രമാണ് കാര്‍ കടത്തിവിട്ടത് എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ദേശീയ പാത അതോറിറ്റിക്ക് പുറമെ അരൂര്‍ ടോള്‍ വെയ്‌സ് എം.ഡി, കുമ്പളം ടോള്‍ പ്ലാസ മാനേജര്‍ എന്നിവര്‍ ഒക്ടോബര്‍ 28 ന് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന്‍ ഉത്തരവ്.