തിരുവനന്തപുരം: പത്താം ക്ലാസിൽ മികച്ച വിജയം നേടിയവരടക്കം പ്ലസ് വൺ പ്രവേശനത്തിന് നന്നായി ക്ലേശിക്കും. പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കുമ്പോഴാണ് സീറ്റ് ക്ഷാമം പ്രശ്നമാകുക. പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. ഹയര്‍ സെക്കന്‍ഡറി പ്രവേശനം ഇന്ന് രാവിലെ ഒമ്പതിനും വിഎച്ച്‌എസ്‌ഇ പ്രവേശനം 10നും തുടങ്ങും.
ആകെ 2,71,136 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതിലേക്ക് 4,65,219 പേര് അപേക്ഷിച്ചിരുന്നു. ഇതില്‍ 2,18,413 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചിരിക്കുന്നത്. 52,718 സീറ്റാണ് ശേഷിക്കുന്നത്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റ് ചേര്‍ത്താല്‍ പോലും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സീറ്റുണ്ടാകില്ല എന്ന അവസ്ഥയാണ്.
അലോട്ട്മെന്റ് ലഭിച്ചവര്‍ ഫസ്റ്റ് അലോട്ട്മെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ക്ക് ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താല്‍ക്കാലികക്കാര്‍ക്ക് വേണ്ടിവന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളില്‍ ചിലത് റദ്ദാക്കാം.
അലോട്ട്മെന്‍റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. അതേസമയം ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.