നിയമസഭാ കയ്യാങ്കളി; പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജം, സ്പീക്കറുടെ ഡയസിൽ കയറിയത് ഞങ്ങൾ മാത്രമല്ല’; പുതിയ വാദവുമായി പ്രതികൾ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന പുതിയ വാദവുമായി പ്രതികള്‍. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുത‍ൽ ഹ‍ർജിയിൽ സിജെഎം കോടതിയില്‍ വാദം കേൾക്കുന്നതിനിടെയാണ് പുതിയ ന്യായങ്ങളുമായി പ്രതികളെത്തിയത്. മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

നിയമസഭയില്‍ കയ്യാങ്കളി നടത്തുകയും സ്പീക്കറുടെ മൈക്കും കമ്പ്യൂട്ടറും അടക്കമുള്ള സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇരുപതോളം പേരാണ് സ്പീക്കറുടെ ഡയസില്‍ കയറിയതെന്ന് കേസിലെ പ്രതികള്‍. തോമസ് ഐസക്ക്, വി.എസ്. സുനില്‍കുമാര്‍, പി. ശ്രീരാമകൃഷ്ണന്‍ അടക്കം ഇരുപതോളം എംഎല്‍എമാരാണ് ഡയസില്‍ കയറിയതെന്ന് പ്രതികള്‍ പറഞ്ഞു. അതില്‍ തങ്ങള്‍ മാത്രം എങ്ങനെയാണ് പ്രതികളായതെന്ന് അറിയില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു.

അതൊരു അതിക്രമം ആയിരുന്നില്ലെന്നും വാച്ച് ആന്‍ഡ് വാര്‍ഡായി വന്ന പൊലീസുകാരാണ് അതിക്രമം കാണിച്ചതെന്നും പ്രതികള്‍ പറഞ്ഞു. അവര്‍ സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രതികളുടെ വാദം. 21 മന്ത്രിമാര്‍ ഉള്‍പ്പെടെ 140 എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരാരും കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് സാക്ഷികളായില്ല. പകരം പോലീസുകാര്‍ മാത്രമാണ് സാക്ഷികളായത്.

ഇലക്ട്രോണിക് പാനല്‍ നശിപ്പിച്ചു എന്നതാണ് മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരേ ചുമത്തിയിരുന്ന കുറ്റം. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ ഈ ഇലക്ട്രോണിക് പാനലിന് കേടുപാടില്ലെന്ന് കണ്ടെത്തിയെന്നും പിന്നെ എങ്ങനെയാണ് ശിവന്‍കുട്ടിക്ക് എതിരേ കേസ് ചാര്‍ജ് ചെയ്യുകയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു.

ഇതിനിടെ കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. നിയമപരമായി കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികള്‍ നിയമസഭയില്‍ അതിക്രമം കാണിച്ചതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ പ്രധാന വാദം. പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞതാണ്. പ്രതികളുടെ പ്രവര്‍ത്തി നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

വിടുതല്‍ ഹര്‍ജിയില്‍ തിരുവന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ന് വാദം പൂര്‍ത്തിയായത്. ഇതുമായി ബന്ധപ്പെട്ട വിധി അടുത്ത മാസം ഏഴിന് പറയുമെന്ന് കോടതി വ്യക്തമാക്കി.