സാമ്പത്തിക പ്രതിസന്ധിയുണ്ട് ; ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കില്ല; മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കിറ്റ് വിതരണത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും വിതരണം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. കിറ്റ് വിതരണത്തിലെ പ്രതിസന്ധി സംബന്ധിച്ച് വിശദമായ ചര്‍ച്ചയ്ക്കു ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ കിറ്റ് വിതരണം അവസാനിപ്പിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, കിറ്റ് വിതരണത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് മന്ത്രി സമ്മതിച്ചു.

ആദ്യ ലോക്ക് ഡൗണ്‍ കാലത്തായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിച്ചെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ നിയന്ത്രണങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും അവസാനിച്ച സാഹചര്യത്തിലും സാമ്പത്തിക പ്രതിസന്ധിയും മുന്‍നിര്‍ത്തി കിററ് വിതരണം അവസാനിപ്പിക്കാന്‍ ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ പോരെ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ സാമ്പത്തികനില കണക്കിലെടുത്ത് കിറ്റ് വിതരണം ഏറെക്കാലം തുടരാന്‍ കഴിയില്ലെന്ന് ധനവകുപ്പ് നേരത്തെ തന്നെ നിലപാടറിയിച്ചിരുന്നു. ഓണത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ വിതരണം ചെയ്ത പ്രത്യേക ഭക്ഷ്യക്കിറ്റിന് പണം അനുവദിക്കുന്ന ഫയലിലായിരുന്നു ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാക്കാലത്തും കിറ്റ് നല്‍കുന്നത് തുടരാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയും നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കെങ്കിലും സൗജന്യ കിറ്റ് നല്‍കണമെന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പ്. മൊത്തം 13 തവണയാണ് റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തയ്യാറാക്കുന്ന കിറ്റ് വിതരണം ചെയ്തത്. വീട്ടിലേയ്ക്ക് ആവശ്യമായ വിവിധയിനം പലവ്യഞ്ജന സാധനങ്ങളാണ് കിറ്റിലുള്ളത്. 11 കോടിയോളം കിറ്റുകള്‍ വിതരണ ചെയ്യാനായി മാസം 350 കോടി മുതല്‍ 400 കോടി രൂപ വരെയാണ് ചെലവിട്ടത്. മൊത്തം കിറ്റ് വിതരണത്തിനായി 5200 കോടി രൂപ ചെലവായെന്നാണ് കണക്കുകള്‍.