ന്യൂഡെൽഹി: ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 25 വർഷത്തെ വരവും ചെലവും പരിശോധിക്കണം. മൂന്ന് മാസത്തിനുളളിൽ ഓഡിറ്റ് പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു.
ഭരണപരമായ കാര്യങ്ങളിൽ ട്രസ്റ്റ് ഇടപെടുന്നില്ലെന്നും അതുകൊണ്ട് ട്രസ്റ്റിനെ ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഈ ആവശ്യവുമായി ബന്ധപ്പെട്ട വാദമുഖങ്ങളും കോടതിയിൽ നടന്നിരുന്നു. ഭരണസമിതി അധ്യക്ഷനായ ജില്ലാ ജഡ്ജി പി കൃഷ്ണകുമാറാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിത്.
ക്ഷേത്ര ചെലവ്, ജീവനക്കാരുടെ ശമ്പളം എന്നിവക്കായി ഒന്നേകാൽ കോടി രൂപയാണ് പ്രതിമാസം ചെലവ് വരുന്നത്. എന്നാൽ, പ്രതിമാസ വരുമാനം 60 ലക്ഷത്തിനടുത്ത് മാത്രമാണുള്ളത്. സംസ്ഥാന സർക്കാരിൻ്റെ പിന്തുണ ലഭിച്ചില്ലെങ്കിൽ ഇനി മുന്നോട്ടുപോവുക ദുഷ്കരമായിരിക്കും. സർക്കാർ പ്രതിവർഷം 6 ലക്ഷം രൂപ ക്ഷേത്രത്തിനു നൽകുന്നുണ്ട്. എന്നാൽ കൊറോണ പ്രതിസന്ധിയുള്ളതിനാൽ ഇത് പരിഹരിക്കാൻ സർക്കാരിൻ്റെയും ട്രസ്റ്റിൻ്റെയും സഹകരണം അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.