ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു

പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ പത്തംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് കൊറോണ ബാധിതനായത്.

കേരള ചരിത്രത്തിലെ സുപ്രധാന സമരമാണ് ചെങ്ങറ സമരം. 2007ല്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ ആരംഭിച്ച ചെങ്ങറ ഭൂസമരത്തിന് നേതൃത്വം നല്‍കിയത് ളാഹ ഗോപാലന് ആയിരുന്നു. ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ കുടില്‍ കെട്ടിയായിരുന്നു സമരം. സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്റെയും സെലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തില്‍ അയ്യായിരത്തോളം ആളുകളാണ് സമരത്തിലുണ്ടായിരുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒന്നും നേരിട്ടുള്ള സഹകരണമില്ലാതെ നടന്ന ഈ സമരം വലിയ മാധ്യമശ്രദ്ധ നേടുകയും രാഷ്ട്രീയ-സാമൂഹിക വേദികളില്‍ ചര്‍ച്ചാ വിഷയമാവുകയും ചെയ്തിരുന്നു. സമരസമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് അഞ്ചുവര്‍ഷം മുന്‍പ് ഗോപാലന്‍ ചെങ്ങറയില്‍ നിന്ന് ഇറങ്ങിയിരുന്നു. ദളിതരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച വ്യക്തിയായ ഗോപാലന്‍ ആലപ്പുഴ സ്വദേശിയാണ്.