പ്ലസ് വണ്ണിന് പുതിയ ബാച്ചില്ല, സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം ; ഇഷ്ടവിഷയം പഠിക്കാനാകാതെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: പ്ലസ് വണ്‍ പുതിയ ബാച്ച്‌ ഇത്തവണ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. ഒരു അലോട്മെന്‍റ് പോലും പൂര്‍ത്തിയാകും മുന്‍പാണ് ബാച്ചുകള്‍ വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ എടുത്തത്. ട്രെയല്‍ അലോട്മെന്‍റ് പൂര്‍ത്തിയപ്പോള്‍ എല്ലാത്തിനും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും ഇഷ്ടവിഷയങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടിലാണ്.

ഇത്തവണ എല്ലാത്തിനും എ പ്ലസ് കിട്ടിയത് ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം പേര്‍. കഴിഞ്ഞ തവണ 41000 പേര്‍ മാത്രമായിരുന്നു. സയന്‍സ് കൊമേഴ്സ് വിഭാഗങ്ങള്‍ക്ക് ഇത്തവണ അതുകൊണ്ട് വന്‍ തിരക്കാണ്. മിടുക്കന്‍മാര്‍ പോലും പുറത്താകുന്ന അവസ്ഥ. അതിനാലാണ് പുതിയ ബാച്ചുകള്‍ വേണമെന്ന ആവശ്യം ശക്തമായത്.
അപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ പുതിയ ബാച്ചെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ മുഖം തിരിക്കുന്നത്.

ഈ വര്‍ഷവും പൂര്‍ണ്ണതോതില്‍ അധ്യയനം നടക്കാന്‍ സാധ്യത കുറവുള്ളതിനാല്‍ പുതിയ ബാച്ച്‌ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നതിനാല്‍ ഒരു കുട്ടിക്ക് പോലും പഠനം നഷ്ടമാകില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഇത്തവണ പതിവ് പോലെ സീറ്റ് കൂട്ടല്‍ മാത്രമാണ് നടന്നത്.

മലബാറിലേയും തെക്കന്‍മേഖയിലെ ജില്ലകളിലും ഇരുപത് ശതമാനം വീതമാണ് സീറ്റ് കൂട്ടിയത്. അതുകൊണ്ട് ഇഷ്ടമുള്ള വിഷയത്തിലെ പഠനമെന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്നത്തിന് പരിഹാരമാകില്ല. ഉയര്‍ന്ന മാര്‍ക്ക് കിട്ടിയ ഭൂരിഭാഗം കുട്ടികളും അലോട്മെന്‍റ് പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ പുറത്താകാനാണ് സാധ്യത.