സുവര്‍ണ്ണനേട്ടം; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20000 റണ്‍സ് തികച്ച് മിതാലി

കാന്‍ബറ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികച്ച് മിതാലി രാജ്. വനിതാ ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് മിതാലി. ഈ സുവര്‍ണ്ണ നേട്ടത്തോടെ സച്ചിനും ദ്രാവിഡിനും കോഹ്ലിക്കും ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ മിതാലി രാജ്.

വനിതകളുടെ ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും സമഗ്രാധിപത്യം മിതാലിയ്ക്കാണ്. ഈ ആധിപത്യം വ്യക്തമാക്കുന്ന പ്രകടനമാണ് മിതാലി ഇപ്പോള്‍ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയുമായി നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍, ആദ്യ മത്സരത്തില്‍ തന്നെ അര്‍ധശതകം പൂര്‍ത്തിയാക്കിയാണ് മിതാലി ഇക്കാര്യം വ്യക്തമാക്കുന്നത്.

മക്കയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാര്‍ക്ക് അടിപതറിയപ്പോള്‍ രക്ഷകയുടെ റോളില്‍ മിതാലിയെത്തുകയായിരുന്നു. മിതാലി 107 പന്തില്‍ നിന്നും കണ്ടെത്തിയ 61 റണ്‍സിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ 225 റണ്‍സ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാര്‍ ഇരുവരെയും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മിതാലിയും യ്സ്തിക് ഭാട്ടിയയും (51 പന്തില്‍ 35) റിച്ചാ ഘോഷും (29 പന്തില്‍ 32) ചേര്‍ന്നാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മക്കയില്‍ തന്റെ 79ാം അര്‍ധ സെഞ്ച്വറി നേട്ടമാണ് ഓസ്ട്രലിയയ്ക്കെതിരെ ആഘോഷിച്ചത്. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് മിതാലി അര്‍ധശതകം പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ 5 മത്സരങ്ങളില്‍ 75, 59, 72, 79, 61 എന്നിങ്ങനെയാണ് മിതാലി റണ്‍സടിച്ച് കൂട്ടിയത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരെയാണ് മിതാലി തന്റെ അര്‍ധ സെഞ്ച്വറി നേടിയത്.