ദുബായ്: റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നിലംതൊടാതെ പറത്തിയ കൊൽക്കത്ത ഒൻപത് വിക്കറ്റിന്‍റെ അനായാസ ജയം സ്വന്തമാക്കി. ബാംഗ്ലൂർ ഉയർത്തിയ 92 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത കൃത്യം പത്തോവറിൽ കളി തീർത്തു.
34 പന്തിൽ 48 റൺസെടുത്ത ശുഭ്മാൻ ഗില്ലും 27 പന്തിൽ 41 റൺസെടുത്ത വെങ്കടേഷ് അയ്യറുമാണ് കൊൽക്കത്തയുടെ ജയം എളുപ്പമാക്കിയത്. മികച്ച റൺറേറ്റിലുള്ള ജയത്തോടെ എട്ടുകളികളിൽ നിന്നും ആറുപോയന്‍റുമായി കൊൽക്കത്ത അഞ്ചാംസ്ഥാനത്തേക്ക് കയറി. എട്ടുകളികളിൽ നിന്നും പത്തുപോയന്‍റുള്ള ബാംഗ്ലൂർ മൂന്നാംസ്ഥാനത്താണ്.
ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിനെ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ ആന്ദ്രേ റസലും വരുൺ ചക്രവർത്തിയും ചേർന്നാണ് എറിഞ്ഞോടിച്ചത്. 20 പന്തിൽ 22 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ്സ് കോറർ.
ടോസ്നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂർ നിരയിൽ അഞ്ചുറൺസെടുത്ത നായകൻ വിരാട് കോഹ്ലിയാണ് ആദ്യം പുറത്തായത്. പ്രസീദ് കൃഷ്ണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് കോഹ്ലി തിരികെ നടന്നത്. തുടർന്ന് ദേവ്ദത്ത് പടിക്കലും ശ്രീകർ ഭരതും ചേർന്ന് അൽപ്പം സ്കോറുയർത്തിയെങ്കിലും വൈകാതെ ഇരുവരും പുറത്തായി. തുടർന്നെത്തിയ എ.ബി ഡിവില്ലിയേഴ്സിനെ ആദ്യപന്തിൽ തന്നെ ആന്ദ്രേ റസൽ ക്ലീൻ ബൗൾഡാക്കി.
ഷോക്കിൽ നിന്നും മുക്തമാകും മുമ്പേ കൂറ്റനടിക്കാരൻ ഗ്ലെൻ മാക്സ്വെൽ (17 പന്തിൽ 10) റൺസുമായി പുറത്തായതോടെ ബാംഗ്ലൂരിന്‍റെ വിധി തീരുമാനമായിരുന്നു. ഏറെക്കാലത്തിന് ശേഷം ആദ്യ ഇലവനിൽ ഇടംപിടിച്ച മലയാളി താരം സചിൻ ബേബിക്കും തിളങ്ങാനായില്ല. 17 പന്തിൽ 7 റൺസാണ് സചിന്‍റെ സമ്പാദ്യം.