പതിനെട്ടടവും പയറ്റിയിട്ടും അമൂല്യമായ ആ നിധിശേഖരം കണ്ടുപിടിക്കാനാവാതെ താലിബാൻ ഭീകരർ; കാണാതായവയിൽ സ്വർണവും അത്യപൂർവ രത്നങ്ങളും

കാബൂള്‍: കൊള്ളയടിച്ച് ജനങ്ങളെ മുൾമുനയിൽ നിർത്തി മാത്രം ശീലമുള്ള താലിബാൻ ഭീകരർക്ക് നിരാശ. അഫ്ഗാനിലെ പുരാതന നിധിശേഖരം കണ്ടുപിടിക്കാന്‍ പരിശോധന ശക്തമാക്കി താലിബാന്‍ ഭീകരർ. സ്വര്‍ണവും, രത്‌നവും ഉള്‍പ്പെട്ട ബാക്‌ട്രിയന്‍ നിധിയാണ് താലിബാന്‍ ഭീകരർ തേടുന്നത്. സ്വര്‍ണ മോതിരങ്ങള്‍, നാണയങ്ങള്‍, ആയുധങ്ങള്‍, കമ്മലുകള്‍, വളകള്‍, നെക്ലേസുകള്‍, കിരീടങ്ങള്‍ തുടങ്ങി 20,000 ത്തിലധികം ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ആഭരണങ്ങളില്‍ പലതിലും വിലയേറിയ കല്ലുകളും ഉണ്ട്.

ഇവയുടെ മൂല്യം കണക്കാക്കുക ഏറെ പ്രയാസം നിറഞ്ഞതാണ്. 2000 വര്‍ഷത്തെ പഴക്കമുളളതാണ് നിധി.
രാജ്യത്തെ താല്‍ക്കലിക സര്‍ക്കാരിന്റെ വിവര -സാംസ്കാരിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണവും പരിശോധനയും തുടരുന്നത്. നേരത്തേ ഈ നിധികള്‍ സുരക്ഷിതമായി രാജ്യത്ത് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാണാനില്ല.

‘നിലവില്‍ മുഴുവന്‍ കാര്യങ്ങളും അന്വേഷണത്തിലാണ്, സത്യം എന്താണെന്ന് അറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഈ നിധി അഫ്ഗാനിസ്ഥാനില്‍ നിന്ന് കടത്തിയിട്ടുണ്ടെങ്കില്‍ അത് രാജ്യദ്രോഹമാണ്- മന്ത്രിസഭയുടെ സാംസ്കാരിക കമ്മീഷന്‍ ഡെപ്യൂട്ടി ഹെഡ് അഹ്മദുല്ല വാസിക്ക് പറഞ്ഞു. നിധി രാജ്യത്തുനിന്ന് കടത്തിയെന്ന് തെളിഞ്ഞാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അഹ്മദുല്ല വാസിക്ക് അറിയിച്ചു.

നിധിശേഖരം താലിബാന്‍ ഭീകരർ തന്നെ കടത്തിയതാണോ എന്നും ചിലര്‍ സംശയമുന്നയിക്കുന്നുണ്ട്. അഫ്ഗാനിലെ ഷെബെര്‍ഖാന്‍ പട്ടണത്തില്‍ ഇവിടത്തെ തദ്ദേശീയ രാജവംശത്തിന്റെ പുരാതന ശവക്കല്ലറകളില്‍ നിന്നാണ് 1969 മുതല്‍ 1979 വരെയുള്ള കാലഘട്ടത്തില്‍ അതിബൃഹത്തായ നിധിശേഖരം സോവിയറ്റ്-അഫ്ഗാന്‍ പുരാവസ്തു ഗവേഷകര്‍ കണ്ടുപിടിച്ചത്. ഉസ്ബെക് യുദ്ധ പ്രഭുവായിരുന്ന ജനറല്‍ അബ്ദൂല്‍ റഷീദ് ദോസ്തുമിന്റെ ശക്തികേന്ദ്രമായിരുന്നു ഷെബെര്‍ഖാന്‍.