ന്യൂഡെൽഹി: അമരീന്ദർ സിങിന്റെ പിൻഗാമിയായി സുഖ്ജിന്ദർ സിങ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയാവും. ചണ്ഡിഗഢിൽ നടന്ന നേതൃയോഗം രൺധാവയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഹൈക്കമാന്റും അദ്ദേഹത്തെ പിന്തുണച്ചതായാണ് വിവരം. നിലവിൽ സഹകരണ-ജയിൽ വകുപ്പ് മന്ത്രിയാണ് സുഖ്ജിന്ദർ സിങ് രൺധാവ.
ഗുർദാസ്പുർ ജില്ലക്കാരനായ രൺധാവ മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കുപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ മുൻ ഉപാധ്യക്ഷൻ കൂടിയാണ് അദ്ദേഹം. ക്യാപ്റ്റനുമായി (അമരീന്ദർ സിങ്)മായി നല്ല അടുപ്പമാണെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അത് തങ്ങളുടെ ബന്ധത്തിൽ പ്രതിഫലിച്ചിട്ടില്ലെന്നും സുഖ്ജിന്ദർ സിങ് രൺധാവ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആഭ്യന്തര കലഹത്തെ തുടർന്ന് ക്യാപ്റ്റൻ അമരീന്ദർ സിങ് ശനിയാഴ്ചയാണ് രാജി സമർപ്പിച്ചത്. നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അംബിക സോണി പഞ്ചാബ് മുഖ്യമന്ത്രിയാകാനുള്ള പാർട്ടിയുടെ വാഗ്ദാനം നിരസിച്ചിരുന്നു.
നേരത്തെ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയിലെ 50-ൽ അധികം എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം രാജി സമർപ്പിച്ചത്. സംസ്ഥാനത്ത തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയായിരുന്നു അമരീന്ദറിന്റെ രാജി.
പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്. 117 അംഗ നിയമസഭയിൽ 80 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്.