ദുബായ്: കൊറോണ വ്യാപനം മൂലം മാറ്റിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 14-ാം സീസണിലെ മത്സരങ്ങള്‍ക്ക് ഇന്ന് ദുബായില്‍ തുടക്കമാകും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചാണ് ക്ലാസിക് പോരാട്ടം നടക്കുന്നത്. കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
സീസണിന്റെ ആദ്യ ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ചെന്നൈയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. 34 പന്തില്‍ 87 റണ്‍സെടുത്ത പൊള്ളാര്‍ഡിന്റെ പ്രകടനമായിരുന്നു 219 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് തുണയായത്. ഇരുടീമുകളും ഐപിഎല്ലില്‍ 32 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 19 പ്രാവശ്യവും ജയം രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കുമൊപ്പമായിരുന്നു.
പോയിന്റ് പട്ടികയില്‍ എട്ട് കളികളില്‍ നിന്ന് ആറ് ജയവുമായി 12 പോയിന്റോടെ ഡെല്‍ഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് മുംബൈക്ക് പിന്നില്‍.
2021 മേയ് മാസം ആദ്യ വാരമാണ് ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ കളിക്കാരില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നാണ് ബിസിസിഐ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവച്ചത്. ഇത് പിന്നീട് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. 31 മത്സരങ്ങള്‍ ശേഷിക്കെയായാണ് കൊറോണ ഐപിഎല്‍ ക്യാമ്പുകളില്‍ വ്യാപിച്ചത്.