ഗർഭസ്ഥ ശിശു മരിച്ച സംഭവം; ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് തിരുവനന്തപുരം എസ്എടി ആശുപത്രി

കൊല്ലം: ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് എസ്‌എടി ആശുപത്രി. യുവതിയും ഭര്‍ത്താവും അഡ്മിറ്റാകാന്‍ തയാറായില്ല. ആശുപത്രിയിലെത്തുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. ലേബര്‍ റൂമില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും അത് ലംഘിച്ച്‌ യുവതിയും ഭര്‍ത്താവും മടങ്ങിയെന്നും എസ്‌എടി അധികൃതർ പറയുന്നു.

പാരിപ്പള്ളി സ്വദേശിനിയായ യുവതിയാണ് ചികിത്സ നിഷേധിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. മൂന്ന് ആശുപത്രികളുടെ ഭാ​ഗത്ത് നിന്ന് ക്രൂരമായ അവ​ഗണനയാണ് ഉണ്ടായതെന്ന് യുവതിയുടെ കുടുംബം പറയുന്നു. പരവൂര്‍ നെടുങ്ങോലം രാമ റാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ് എ ടി ആശുപത്രികള്‍ക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്.

ഈ മാസം 11 നാണ് പാരിപ്പള്ളി സ്വദേശിനി മീര ചികിത്സ തേടി നെടുങ്ങോലം ആശുപത്രിയില്‍ എത്തിയത്. 13 ന് എസ്‌എടിയില്‍ എത്തി. പ്രശ്നമില്ലെന്ന് പറഞ്ഞ് ആശുപത്രികളില്‍ നിന്ന് തിരിച്ചയച്ചു. 15 ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞത്. മീര ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.