സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ സ്‌ക്കൂളുകള്‍ തുറക്കുന്നു

തിരുവനന്തപുരം: ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തില്‍ തീരുമാനമായി. സ്‌കൂള്‍ തുറക്കുന്നതിനായി മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കും.

പ്രൈമറിതലത്തിൽ ക്ലാസുകൾ ആരംഭിക്കാനിടയില്ലെന്നാണ് സൂചന. ഒരുപക്ഷെ, ഒൻപതു മുതലുള്ള ക്ലാസുകളിൽ അധ്യയനം ആരംഭിക്കുന്നതായിരിക്കാം സർക്കാരിന്റെ പരിഗണനയിലുള്ളത്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങളും മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കുന്നതും സംബന്ധിച്ച് തീരുമാനവും ഉടനെടുക്കും.

നേരത്തെ തന്നെ സ്‌കൂളുകള്‍ തുറക്കണമെന്ന ധാരണയുണ്ടായിരുന്നു.പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാകും ഇത് സംബന്ധിച്ച തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്ലസ് വണ്‍ പരീക്ഷയ്ക്കുണ്ടായിരുന്ന തടസവും ഇപ്പോള്‍ നീങ്ങിയ സാഹചര്യത്തില്‍ കൂടിയാണ് സ്‌ക്കൂളുകള്‍ തുറക്കാനുള്ള തീരുമാനവും. സംസ്ഥാനത്തെ കൊറോണ് വാക്‌സിന്‍ വിതരണവും ഏതാണ്ട് ആ സമയത്തേക്ക് പൂര്‍ത്തികരിക്കാന്‍ കഴിയും.

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നവംബര്‍ ഒന്നിന് മുന്‍പ് നല്‍കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. നിലവില്‍ ഒന്നാം ഡോസ് എടുത്തവരുടെ എണ്ണം 80 ശതമാനത്തിന് മുകളിലാണ് ഇപ്പോള്‍.