തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലില്‍ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വഷണം. ഇന്‍സ്പ്കെടര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേര്‍ക്കെതിരെയാണ് ഇഡി അന്വഷണം. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്‌എച്ച് ഒ സുരേഷ്കുമാര്‍, എഎസ്‌ഐ ജേക്കബ്, സിപിഒ ജ്യോതി ജോര്‍ജ്ജ്, , കൊടകര എസ്‌എച്ചഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഇടപാടുകള്‍ സംശയകരമെന്നാണ് ഇഡി കണ്ടെത്തിയത്.
പോലീസുകാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും കത്ത് നല്‍കി. സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരില്‍ തുടങ്ങി താഴേത്തലത്തില്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിച്ചു.
പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരുടെ വിവരം ചോദിച്ച് ഇഡി കത്തെഴുതിയത്. കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പേരുകാര്‍ക്കെതിരെ എന്തെങ്കിലും കേസുകളുണ്ടെങ്കിലോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടെങ്കിലോ ഉടന്‍ അറിയിക്കാനാണ് ഇഡി നിര്‍ദ്ദേശം. എന്‍ഫോഴ്സ്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സിനുമാണ് കത്ത് നല്‍കിയത്.
ഇഡി വിവരം ചോദിച്ചതിന് പിന്നാലെ സംസ്ഥാന വിജിലന്‍സും ഇവര്‍ക്കെതിരെ അന്വേഷണം തുടങ്ങി. പൊലീസിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡിയുടെ അന്വേഷണമുണ്ടാകുമെന്നാണ് സൂചന.