ന്യൂഡെല്‍ഹി: ജഡ്‌ജി നിയമനശിപാര്‍ശയില്‍ വീണ്ടും റെക്കോഡിട്ട് സുപ്രീം കോടതി കൊളീജിയം. എട്ട് ജഡ്‌ജിമാരെ വിവിധ ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാരായി നിയമിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി. രമണ അധ്യക്ഷനായ കൊളീജിയം ശിപാര്‍ശ ചെയ്‌തു. ജസ്‌റ്റിസുമാരായ യു.യു. ലളിതും എ.എം. ഖാന്‍വില്‍ക്കറുമാണു കൊളീജിയത്തിലെ മറ്റംഗങ്ങള്‍.
അഞ്ച് ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാരെയും 28 ജഡ്‌ജിമാരെയും സ്‌ഥലംമാറ്റാനും ശിപാര്‍ശയുണ്ട്. 12 ഹൈക്കോടതികളില്‍ ജഡ്‌ജിമാരായി പരിഗണിക്കേണ്ട 68 പേരെ കഴിഞ്ഞ നാലിനും സുപ്രീം കോടതി ജഡ്‌ജിമാരായി സ്‌ഥാനക്കയറ്റം നല്‍കേണ്ട ഒന്‍പതുപേരെ കഴിഞ്ഞ ഓഗസ്‌റ്റ് 17-നും കൊളീജിയം ശിപാര്‍ശ ചെയ്‌തിരുന്നു.
സുപ്രീം കോടതി ജഡ്‌ജിമാരെ ശിപാര്‍ശ ചെയ്യുന്നത് അഞ്ചംഗ കൊളീജിയമാണ്. ഉന്നതകോടതികളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്താന്‍ നടപടിയെടുക്കേണ്ടതു തന്റെ കടമയാണെന്നും ഹൈക്കോടതികളില്‍ മാത്രം 90% ജഡ്‌ജിമാരുടെ കുറവുണ്ടെന്നും കഴിഞ്ഞ നാലിന് ഒരുചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍.വി. രമണ ചൂണ്ടിക്കാട്ടിയിരുന്നു.