ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ ഇന്ന് മുപ്പതിനായിരത്തിന് മുകളില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 35,662 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാലും 3.65 ശതമാനം കൂടുതലാണ് രോഗികളുടെ എണ്ണം. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,34,17,390 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 14,48,833 പരിശോധന നടത്തിയിരിക്കുന്നത്. 55.07 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.
രാജ്യത്ത് പുതിയതായി 281 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,44,248 ആയി ഉയര്‍ന്നു. 281 മരണങ്ങളില്‍ 131 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ മരണം 23,296 ആയി.
കൊറോണയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.65 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,798 പേര്‍ കൊറോണ മുക്തരായി. ഇതോടെ 3,26,32,222 പേരാണ് ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടിയത്.
വിവിധ സംസ്ഥാനങ്ങളിലായി 3,40,639 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ നേരിയ വര്‍ദ്ധനവ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.
വാക്‌സിനേഷന്‍ യജ്ഞത്തില്‍ ലോകറെക്കോര്‍ഡാണ് ഇന്ത്യ നേടിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ 71ാം ജന്മദിനത്തിലാണ് പ്രതിദിന വാക്‌സിന്‍ വിതരണത്തില്‍ ചൈനയെ മറികടന്നത്. വെള്ളിയാഴ്ച 24 മണിക്കൂറിനുള്ളില്‍ 2,15,98,046 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 79,42,87,699 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത് ആശങ്കയാകുന്നത് കേരളത്തിലെ ഉയര്‍ന്ന കൊറോണ കണക്കുകളാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ കൂടുതല്‍ ഇളവുകളിലേക്ക് കടക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് 23,260 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.