തിരുവനന്തപുരം: ഓൺലൈൻ സംവിധാനത്തിലെ പോരായ്മ കാരണം വാഹനം രജിസ്റ്റർ ചെയ്ത ഓഫീസിൽതന്നെ രജിസ്ട്രേഷൻ പുതുക്കാനും അപേക്ഷ നൽകേണ്ടിവരുന്നത് വാഹന ഉടമകളെ വലയ്ക്കുന്നു. ഉടമസ്ഥാവകാശ കൈമാറ്റത്തിനും രജിസ്ട്രേഷൻ പുതുക്കലിനും ഒരുമിച്ച് അപേക്ഷ നൽകാൻ കഴിയില്ലെന്നതാണ് കാരണം.
സ്വകാര്യ വാഹന ഉടമകളെയാണ് ഇത് ദുരിതത്തിലാക്കുന്നത്. പിഴകൂടാതെ രജിസ്ട്രേഷൻ പുതുക്കാനുള്ള അവസരം ഈ മാസത്തോടെ അവസാനിക്കും. രജിസ്ട്രേഷൻ പുതുക്കിയാലേ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ നൽകാനാവൂ.
നേരത്തേ ഇരു അപേക്ഷകളും പുതിയ ഉടമയുടെ മേൽവിലാസ പരിധിയിലുള്ള ഓഫീസിൽ ഒരുമിച്ച് സ്വീകരിക്കുമായിരുന്നു. സെപ്റ്റംബർ ഒന്നുമുതൽ ഈ സേവനം നിർത്തിവെച്ചിരിക്കുകയാണ്.
പഴയ ഉടമയുടെ സ്ഥലത്തെ ഓഫീസിൽ രജിസ്ട്രേഷൻ പുതുക്കിയശേഷം, പുതിയ ഉടമയുടെ മേൽവിലാസപരിധിയിലെ ഓഫീസിൽ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവിൽ. സോഫ്റ്റ്വേറിലെ ക്രമീകരണങ്ങൾ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വരുത്തുന്നതായതിനാൽ അതേക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് സംസ്ഥാന മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കുള്ളത്.