തിരുവനന്തപുരം: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അസ്വാഭാവികമായി എന്താണ് ഉള്ളത്. ഇത് ആദ്യമായിട്ടല്ല രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതെന്ന് കാനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കനയ്യ കുമാര്‍ ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എ ജിഗ്നേഷ് മേവാനിക്കൊപ്പം കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് ഇതിന് പിന്നാലെ വാര്‍ത്തകള്‍ പുറത്തുവന്നത്.
കാനം രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നു എന്ന് വ്യാജ പ്രചരണം സംഘടിതമായ രീതിയില്‍ ചില മാധ്യമങ്ങള്‍ അഴിച്ചു വിടുന്നുണ്ട്. ഇതിനുമുമ്പും കനയ്യകുമാര്‍ സിപിഐ വിടുമെന്നും മറ്റു പാര്‍ട്ടികളില്‍ ചേരും എന്ന അഭ്യൂഹം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. രാഹുല്‍ ഗാന്ധിയുമായി അടുത്ത ദിവസം ചര്‍ച്ച നടത്തിയെന്ന കാരണമാണ് ഈ തെറ്റായ വാര്‍ത്തയ്ക്ക് അടിസ്ഥാനമായി ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്.
ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അസ്വാഭാവികമായി എന്താണ് ഉള്ളത്. ഇത് ആദ്യമായിട്ടല്ല രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. ഇത്തരം വിവാദ പ്രചാരണങ്ങള്‍ കൊണ്ട് സിപിഐയൊ കനയ്യ കുമാറിനെയൊ തളര്‍ത്താന്‍ കഴിയില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ഡെല്‍ഹിയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നതിന്റെയും ദേശീയ ആസ്ഥാനമായ അജോയ് ഭവനില്‍ കനയ്യകുമാര്‍ എത്തിച്ചേരുന്നതിന്റെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങളെ ആവേശഭരിതരാക്കി കൊണ്ട് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണികള്‍ക്കെതിരെ നിരന്തരം പോരാടുന്ന കനയ്യകുമാര്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് ഭീഷണിയാണ്.
കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്ന യുവ നേതാവാണ് കനയ്യകുമാര്‍. ഗൂഢലക്ഷ്യങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ നടത്തുന്ന നുണ പ്രചരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. ഒക്ടോബര്‍ ആദ്യവാരത്തില്‍ ചേരുന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ കനയ്യകുമാര്‍ പങ്കെടുക്കുന്നതാണ്.