കോപ്പൻഹേഗൻ: മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളിൽ 2030 -ഓടെ മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങൾക്ക് സാധ്യതയെന്ന് ശാസ്ത്രലോകത്തിൻ്റെ വിലയിരുത്തൽ. ചരിത്രത്തിൽ ആദ്യമായി ഗ്രീൻലൻഡിലെ ഹിമപാളിയുടെ നെറുകയിൽ മഴ പെയ്തത് ഇതിൻ്റെ സൂചനയായി ശാസ്ത്രജ്ഞർ കാണുന്നു. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യുഎസ് സ്നോ ആൻഡ് ഐസ് ഡേറ്റാ സെൻറർ റിപ്പോർട്ട് ചെയ്തു. ഇത് മഞ്ഞുരുകുന്നതിന്റെ തോതുയർത്തും.
വടക്കൻഭാഗത്തുള്ള ഉയരമുള്ള മഞ്ഞുപാളിയിൽ മഴ പെയ്തതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ കൂടുതലോ അല്പംമാത്രം കുറവോ ആയ സാഹചര്യത്തിലാണ് ഗ്രീൻലാൻഡിൽ മറ്റിടങ്ങളിൽ മഴ പെയ്യുക.
കഴിഞ്ഞ 2,000 വർഷങ്ങൾക്കിടെ ഒമ്പതു തവണയാണ് ഇവിടെ താപനില പൂജ്യം ഡിഗ്രിയിൽനിന്ന് ഉയർന്നത്. അടുത്ത കാലത്ത് 2012-ലും 2019-ലും ഇങ്ങനെയുണ്ടായെങ്കിലും മഴ പെയ്തിരുന്നില്ല. ഓരോ വർഷവും ഈ സമയത്ത് ഒരു ദിവസം നഷ്ടപ്പെടുന്ന മഞ്ഞിനേക്കാൾ ഏഴു മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴകാരണം നഷ്ടപ്പെട്ടത്.
അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളികളായ ഗ്രീൻലൻഡിലെ മഴ ഇവിടെ താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ജനുവരിയിൽ പ്രസിദ്ധീകരിച്ച യൂറോപ്യൻ പഠനപ്രകാരം ഗ്രീൻലൻഡിലെ മഞ്ഞുരുകൽ 2100- ആകുമ്പോഴേക്കും സമുദ്രനിരപ്പ് 10 മുതൽ 18 സെന്റിമീറ്റർ ഉയരുന്നതിന് കാരണമാകും.
2030 ആകുമ്പോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോരനഗരങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇതു കാരണമായേക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മുംബൈയിൽ ഇടയ്ക്കിടെ അപ്രതീക്ഷിതമായുണ്ടാകുന്ന വെള്ളപ്പൊക്കം ഭീഷണിയാകുന്നതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്. ദുരന്തങ്ങളെ ഏറെ ഗൗരവത്തോടെ കാണാത്ത സംവിധാനങ്ങളും നഗരവാസികളും ഈ മുന്നറിയിപ്പ് എങ്ങനെ കാണുന്നുവെന്നതും പ്രധാനപ്പെട്ടതാണ്.