ന്യൂഡെൽഹി: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പടുത്തുന്നത് കേന്ദ്ര സർക്കാരിന്റെ ആലോചനയിൽ. ഇന്ധനസകല പരിധിയും വിട്ടുയരുന്നതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ലഖ്നൗവിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. ഇതുവഴി പെട്രോളിനും ഡീസലിനും വില കുത്തനെ കുറയുമെന്നിരിക്കെ ഈ രണ്ട് ഉത്പന്നങ്ങളൊഴികെ മറ്റേതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താനാണ് സാധ്യത.
കേന്ദ്ര സർക്കാർ നീക്കത്തെ ശക്തമായി എതിർക്കാനാണ് കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളുടെ തീരുമാനം. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നാണ് സംസ്ഥാനത്തിന്റെ വാദം.
കേരളത്തിന് പുറമേ മറ്റ് ചില സംസ്ഥാനങ്ങളും ഇതേ അഭിപ്രായക്കാരാണ്. സമാനമായ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി കൗൺസിൽ യോഗത്തിന് മുൻപ് കൂടിയാലോചന നടത്താനും സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. പെട്രോൾ-ഡീസൽ വില ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിച്ചുകൂടെ എന്ന് കേരള ഹൈക്കോടതി മുൻപ് ചോദിച്ചിരുന്നു.
പെട്രോൾ, ഡീസൽ നികുതി ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനോട് കേന്ദ്രത്തിനും യോജിപ്പില്ല. എന്നാൽ ഉൾപ്പെടുത്താമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങൾ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
വരാനിരിക്കുന്ന ഗുജറാത്ത്, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇന്ധനവിലയും അതേത്തുടർന്നുള്ള വിലക്കയറ്റവും പ്രതിപക്ഷം പ്രചാരണവിഷയമാക്കുമെന്നിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. വിഷയം ജിഎസ്ടി കൗൺസിലിൽ അവതരിപ്പിച്ചപ്പോൾ എതിർപ്പുയർന്നുവെന്ന് വരുത്തിത്തീർക്കലാവും കേന്ദ്രം ഉദ്ദേശിക്കുന്നത്.
അതേസമയം ഏതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുമ്പോൾ അതിലൊന്ന് ഏവിയേഷന് ഉപയോഗിക്കുന്ന ഇന്ധനമാകാനുള്ള സാധ്യതയുണ്ട്. ഇന്ധന വിലവർധനവ് കാരണം ടിക്കറ്റ് നിരക്ക് ഉൾപ്പടെ വർധിപ്പിക്കേണ്ടി വരുന്നുവെന്നും അതിനാൽ മേഖലയിൽ നഷ്ടമുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാറ്റ് നികുതി നാല് ശതമാനമായി കുറയ്ക്കണമെന്നും സംസ്ഥാനങ്ങൾക്ക് കത്ത് അയച്ച് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിർണായകമായ ഗുജറാത്ത്, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക എന്നതാണ് ബിജെപിയെ സംബന്ധിച്ച് ഏറെ പ്രധാനം. പ്രത്യേകിച്ച് കർഷകസമരത്തിൻ്റെ പശ്ചാതലത്തിൽ. 2024 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൻ്റെ പരീക്ഷണ വേദി കൂടിയാകും ഈ രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്. അതിനായി ചില നീക്കുപോക്കുകൾ എന്ന നിലയിലാണ് പെട്രോളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.