തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കോട്ടയം മുതല്‍ വടക്കോട്ടുള്ള 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വരെ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറ്, മദ്ധ്യ പടിഞ്ഞാറ് ഭാഗങ്ങളിൽ കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുണ്ട്. 40-50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കലോമീറ്റർ വേഗത്തിലും കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനായി തൊഴിലാളികൾ ഈ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.