കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ ഒഴുകിയതായി എക്സൈസ് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ഏതാനും മാസത്തെ കണക്ക് പരിശോധിച്ചതിൽ ആണ് ഇതു കണ്ടെത്തിയത്. മയക്കുമരുന്ന് വാങ്ങുന്നതിന് കൈമാറിയ പണമാണ് ഇതെന്നാണ് നിഗമനം.പ്രതികളിൽ ചിലരുടെ അക്കൗണ്ടുകളിലേക്ക് നാല് മാസത്തിനിടെ 40 ലക്ഷത്തോളം രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി.

പണം അയച്ചവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. കാക്കനാട്ട് മയക്കുമരുന്ന് പിടികൂടിയ സംഭവം രണ്ട് കേസുകളായി രജിസ്റ്റർ ചെയ്തത് എക്സൈസിന് ഗുണമായിരിക്കുകയാണ്. നിലവിൽ 84 ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസിൽ മാത്രമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

1.100 കിലോഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എക്സൈസ് ക്രൈംബ്രാഞ്ചിന് സാധിക്കും.