കൊച്ചി: സിപിഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പികെ വാസുദേവൻ നായർക്ക് എതിരേ അമ്പലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഐക്യ കക്ഷി സ്ഥാനാർഥിയായി മൽസരിച്ച പിഎസ്പി നേതാവായിരുന്ന അർത്തുങ്കൽ കോയിൽ പറമ്പിൽ ബേബി ജോൺ (94) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് കൊച്ചി പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
1962ലെ വാശിയേറിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം കക്ഷിയിലെ തന്നെ ചില എതിർപ്പുകൾ കൊണ്ടായിരുന്നു ബേബി ജോണിന് വിജയിക്കാനാവാതെ വന്നത്. എങ്കിലും പികെവിയുടെ ഭൂരിപക്ഷം 11,233 ആയി കുറയ്ക്കാൻ ബേബി ജോണിന് കഴിഞ്ഞു. ‘കുടിൽ ആയിരുന്നു വിദ്യാർത്ഥി കോൺഗ്രസ്സിൽ നിന്നും ഉയർന്നു വന്ന നേതാവായ ബേബി ജോണിൻ്റെ ചിഹ്നം
വിദ്യാർത്ഥി കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലത്ത് തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരെ കരിങ്കൊടി കാണിച്ചതുൾപ്പടെ നിരവധി സമരങ്ങളിൽ പങ്കെടുത്ത് രണ്ടുതവണ അറസ്റ്റ് വരിച്ചിട്ടുണ്ട്. നിയമ വിദ്യാർഥിയായിരിക്കെ പ്രസിദ്ധമായ ഒരണ സമരത്തിൽ പങ്കെടുത്തു. സമരത്തിൻ്റെ നാലു കേന്ദ്ര പ്രവർത്തക കമ്മിറ്റി അംഗങ്ങളിൽ ഒരാളായിരുന്നു ബേബി ജോൺ. ദീർഘകാലമായി കൊച്ചിയിലായിരുന്നു താമസം.
ഭാര്യ: മേഴ്സി ജോൺ (റിട്ടയേഡ് ഡി ഇ ഒ ) മക്കൾ: പരേതരായ സുനിൽ ജോൺ, ഡോ.അനിൽ ജോൺ. മരുമകൾ: ഡോ.പ്രസന്ന അനിൽ, കൊച്ചുമകൻ: അഭിജിത്ത്.