കെഎസ്ആർടിസി യാത്രകൾ ഇനി ആഡംബരം; മൊബൈൽ ചാർജിങ് പോയിന്റ്, വൈഫെ ഉൾപ്പടെ വരുന്നു

തിരുവനന്തപുരം : കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച 50 കോടിയില്‍ നിന്ന്​ 44.64 കോടി ഉപയോ​ഗിച്ച്‌ അത്യാധുനിക ശ്രേണിയിലുള്ള 100 ബസുകളാണ് കെ എസ് ആര്‍ ടി സി വാങ്ങുന്നത്. ലോകോത്തര നിലവാരമുള്ള യാത്രയാണ് പുതിയ ബസുകള്‍ എത്തുന്നതിലൂടെ കെ എസ് ആര്‍ ടി സി വാ​ഗ്​ദാനം ചെയ്യുന്നത്. 8 സ്ലീപ്പര്‍ , 20 സെമി സ്ലീപ്പര്‍ , 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി ബസുകളാണ് കെ എസ് ആര്‍ ടി സി വാങ്ങുന്നത് .

ഒരു ബസിന് 1.385 കോടി എന്ന നിരക്കില്‍ ആകെ 11.08 കോടി രൂപ ഉപയോ​ഗിച്ചാണ് 8 ബസുകള്‍ വാങ്ങുന്നത്. മൊബൈല്‍ ചാര്‍ജിങ്​ പോയിന്‍റ്​, കൂടുതല്‍ ല​ഗേജ് സ്പെയ്​സ്​, വൈഫെ തുടങ്ങിയവയും പുതിയ ബസുകളില്‍ ഒരുക്കിയിട്ടുണ്ട്. നാല് സിലിണ്ടര്‍ എഞ്ചിനോട് കൂടിയ വാഹനം മെച്ചപ്പെട്ട ഇന്ധന ക്ഷമതയും സുഖകരമായ യാത്രയും നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം .

നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ ആദ്യഘട്ടത്തിലുള്ള ബസുകള്‍ പുറത്തിറക്കാനാണ് ശ്രമം. 2022 ഫെബ്രുവരി മാസത്തോടെ മുഴുവന്‍ ബസുകളും പുറത്തിറക്കാനാകുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.

അശോക്‌ ലെയ്ലന്‍ഡില്‍ നിന്ന് ഒരു ബസിന് 47.12 ലക്ഷം രൂപ നിരക്കില്‍ 9.42 കോടി രൂപയ്‌ക്ക്‌ 20 എസി സീറ്റര്‍ ബസുകളാണ് വാങ്ങുന്നത്. എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ സി വിഭാ​ഗത്തില്‍ ലെയ്ലന്‍ഡില്‍​ 33.79 ലക്ഷവും, ടാറ്റ 37.35 ലക്ഷവും ടെന്‍ഡര്‍ നല്‍കിയതില്‍ നിന്ന്​ ലെയ്​ലന്‍റിന്​ കരാര്‍ ഉറപ്പിക്കുകയായിരുന്നു. 24.32 കോടി രൂപക്ക് 72 ബസുകളാണ് ഇങ്ങിനെ വാങ്ങുന്നത്.