കോൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണ് വിജയത്തുടക്കം. ഇന്ന് നടന്ന ഡ്യൂറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ ഇന്ത്യൻ നേവിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.
പുതിയ പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ കീഴിലെ ആദ്യ മത്സരത്തിൽതന്നെ മികച്ച ഫുട്ബോളാണ് ടീം കാഴ്ചവച്ചത്. 69-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽനിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത്.
പെനാൽറ്റിയെടുത്ത അഡ്രിയാൻ ലൂണയ്ക്ക് പിഴച്ചില്ല. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിലേക്ക് നീങ്ങി. ജയത്തോടെ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിൽ ഒന്നാമത് എത്തി. ബംഗളൂരു എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.