ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,973 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 37,681 നെഗറ്റീവ് കേസുകളും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.49 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി 3.90 ലക്ഷം പേരാണ് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രോഗവ്യാപനത്തിന് ശമനമില്ലാതെ തുടരുന്ന കേരളത്തില്‍ 2.36 ലക്ഷം സജീവ കേസുകളാണുള്ളത്. കേരളം കഴിഞ്ഞാല്‍ ഏറ്റവും അധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് മഹാരാഷ്ട്രയിലാണ്. 51,364 കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
260 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 4.42 ലക്ഷമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 72.37 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്.