അമ്മിക്കല്ല് ഉപയോഗിച്ച് വാതിലും വീടും തകർത്ത് മോഷണം; പ്രതിയെ ചിക്കമംഗലൂരിൽ നിന്ന് പിടികൂടി

കോഴിക്കോട്: അഴകൊടി ക്ഷേത്രത്തിനു സമീപത്തുള്ള തിരുത്തിയാടിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് പണവും വസ്ത്രങ്ങളും മോഷണം നടത്തിയ ആള്‍ പിടിയില്‍. ചിക്കമംഗളൂര്‍ ചൗക്കി ഗ്രാമം സ്വദേശി അനില്‍ കുമാറിനെയാണ് (38) നടക്കാവ് എസ്‌ഐ കൈലാസ് നാഥിന്റെ നേതൃത്ത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കര്‍ണ്ണാടക ചൗക്കി ഗ്രാമത്തില്‍ വച്ച്‌ പിടികൂടിയത്.

പതിനഞ്ച് വര്‍ഷത്തോളമായി വീട്ടില്‍ വരാത്ത അനില്‍ മംഗലാപുരത്താണ് താമസിച്ചിരുന്നത്. മാസങ്ങളോളമായി ഇയാളെ കുറിച്ച്‌ അന്വേഷണം നടത്തുകയായിരുന്ന അന്വേഷണ സംഘം മംഗലാപുരത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതിയുടെ അമ്മാവന്റെ മരണാനന്തര ചടങ്ങിനായി ഇയാള്‍ ചൗക്കി ഗ്രാമത്തിലെത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ചിക്ക്മാഗളൂര്‍ ഭാഗത്തു ചൗക്കി ഗ്രാമത്തിലേക്ക് പോവുകയും രാത്രി മുഴുവന്‍ ഇയാളുടെ വീട് വളയുകയും ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയ ഇയാളെ പിടികൂടുകയും ശേഷം നാക്കാവ് പോലിസ് സ്റ്റേഷനില്‍ എത്തിച്ച്‌ ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

മംഗലാപുരം, ഷിമോഘ, ഉടുപ്പി, കോഴിക്കോട് ചേവായൂര്‍ , മെഡിക്കല്‍ കോളേജ് , കുന്ദമംഗലം, നടക്കാവ്, കൊയിലാണ്ടി എന്നിവിടങ്ങളിലായി ഇരുപത്തഞ്ചോളം മോഷണ കേസുകളും നിലവിലുണ്ട്. ലഹരിക്ക് അടിമയായ അനിലിന് മംഗലാപുരത്ത് കഞ്ചാവ് വില്പന നടത്തിയതിന് പൊലീസ് പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. നിരവധി തവണയായി പത്ത് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

മംഗലാപുരത്ത് നിന്ന് ട്രെയിനില്‍ കോഴിക്കോട് എത്തി റെയില്‍വേ സ്റ്റേഷന്‍, പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങി രാത്രി സമയങ്ങളില്‍ കറങ്ങി നടന്ന് ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടെത്തുകയും കനം കൂടിയ അമ്മിക്കല്‍ പോലുള്ള കല്ലുകള്‍ ഉപയോഗിച്ച്‌ വാതിലും ജനലും കുത്തി പൊളിച്ച്‌ വീടിന് അകത്ത് കടന്ന് കളവ് നടത്തുന്ന രീതിയാണ് ഇയാള്‍ തുടര്‍ന്നിരുന്നതെന്ന് പോലീസ് പറയുന്നു.

നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ദിനേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കര്‍ണ്ണാടകത്തില്‍ വച്ച്‌ അനില്‍ കുമാറിനെ പിടികൂടി കോഴിക്കോട് എത്തിച്ചത്.