ഒമ്പത് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ശിഖര്‍ ധവാനും ഭാര്യയും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും 9 വര്‍ഷത്തോളം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചു. അയേഷയാണ് വിവാഹമോചന വാര്‍ത്ത പരസ്യമാക്കിയത്. എന്നാല്‍ വിവാഹമോചന വാര്‍ത്തയോട് ശിഖര്‍ ധവാന്‍ പ്രതികരിച്ചിട്ടില്ല.

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള അയേഷയുമായി 2012ലായിരുന്നു ധവാന്റെ വിവാഹം. ധവാനേക്കാള്‍ 10 വയസ് കൂടുതലുള്ളയാളാണ് അയേഷ. ഇവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. അയേഷയ്ക്ക് ആദ്യ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുണ്ട്. ധവാന്‍ അയേഷ ദമ്പതികള്‍ക്ക് സൊരാവര്‍ എന്ന മകനുണ്ട്. ഓസ്ട്രേലിയയിലെ ബിസിനസുകാരനായിരുന്നു അയേഷയുടെ ആദ്യ ഭര്‍ത്താവ്.

ധവാന്റെ പേര് ചേര്‍ത്തുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടും അയേഷ ഡിലീറ്റ് ചെയ്തു. അയേഷ മുഖര്‍ജി എന്ന പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വികാരപരമായി ആണ് അവര്‍ ദാമ്പത്യ ബന്ധം പിരിഞ്ഞത് സംബന്ധിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

അയേഷയുടെ വാക്കുകള്‍ ഇങ്ങിനെ, രണ്ടാം വട്ടം വിവാഹമോചിതയാവുന്നത് വരെ വിവാഹ മോചനം മോശം വാക്കാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. വാക്കുകള്‍ക്ക് ഇത്രമാത്രം അര്‍ഥ തലങ്ങളാവാം എന്നത് എന്തൊരു തമാശയാണ്. ആദ്യ വിവാഹ മോചനത്തോടെ ഇക്കാര്യം എനിക്ക് മനസിലായിരുന്നു. എന്നാല്‍ ആ സമയം ഞാന്‍ ആകെ ഭയത്തിലായിരുന്നു. തോറ്റ് പോയെന്നും ജീവിതത്തില്‍ എന്തോ തെറ്റായി ചെയ്യുകയാണെന്നുള്ള തോന്നലാണ് അന്ന് ഉണ്ടായത്.

എല്ലാവരേയും ഞാന്‍ നിരാശപ്പെടുത്തി, എന്റെ സ്വാര്‍ഥതയാണ് അതിനാ കാരണം എന്നെല്ലാം ചിന്തിച്ചു. മാതാപിതാക്കളേയും മക്കളേയും ദൈവത്തേയും വിഷമിപ്പിച്തായി തോന്നി.ആ സമയം വിവാഹ മോചനം അത്രയും മോശം വാക്കായിരുന്നു. ഇപ്പോള്‍ രണ്ടാം തവണയും അതേ അവസ്ഥയിലൂടെ ഞാന്‍ കടന്നു പോകുന്നു. ഇത് ഞെട്ടിക്കുന്നതാണ്.

ഒരിക്കല്‍ വിവാഹ മോചിതയായ ഞാന്‍ വീണ്ടും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നു. തോറ്റു പോയെന്ന ചിന്ത, ഭയം, നിരാശ എല്ലാം നൂറിരട്ടിയായി ഇത്തവണയും എന്നിലേക്ക് വന്നു. എന്നാല്‍ ഒരിക്കല്‍ ഇങ്ങനെയെല്ലാം സംഭവിച്ചതാണെന്നും എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞതാണ് എന്ന ചിന്ത ശക്തിയായി. പതിയെ ഭയവും അപ്രത്യക്ഷമായി.

രണ്ടാം വട്ടവും വേര്‍പിരിയുമ്പോള്‍ വിവാഹമോചനം എന്നത് തെറ്റായ ചിന്തയല്ലെന്ന് കൂടുതല്‍ വ്യക്തമാവുകയാണെന്നും അയേഷ കുറിക്കുന്നു. വിവാഹ മോചനത്തിനുള്ള തീരുമാനത്തോടെ താന്‍ കൂടുതല്‍ കരുത്തയായി. വിവാഹമോചനം എന്നാല്‍ ഞാന്‍ സ്വയം കണ്ടെത്തുന്ന നിമിഷമാണ്. അതല്ലാതെ വിവാഹം കഴിച്ചതിന്റെ പേരില്‍ എന്റെ ജീവിതം മുഴുവനും ബലികഴിക്കാനുള്ളതല്ലെന്നും അയേഷ പറയുന്നു.വിവാഹമോചനം സംബന്ധിച്ച ഭയപ്പെടുന്നവര്‍ക്ക് തന്നെ സമീപിക്കാമെന്നും അയേഷയുടെ കുറിപ്പില്‍ പറയുന്നു.