കോഴിക്കോട്: വീണ്ടും ആശ്വാസം നൽകി പരിശോധന ഫലങ്ങൾ. ഇന്നലെ പരിശോധനയ്ക്ക് അയച്ച 20 സാമ്പിളുകൾ കൂടി നെഗറ്റീവ്. ഹൈ റിസ്കിൽ പെടുന്ന 30 പേർക്ക് രോഗമില്ലെന്ന് ഇതുവരെ സ്ഥിരീകരിച്ചു. ഇനി 21 പേരുടെ ഫലങ്ങൾ കൂടി ഇനി വരാനുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ലാബിൽ പരിശോധിച്ച 15 സാമ്പിളുകളും പുണെ എൻഐവിയിൽ പരിശോധിച്ച അഞ്ച് സാമ്പിളുകളുമാണ് നെഗറ്റീവ് ആയത്. മരിച്ച പന്ത്രണ്ടു വയസുകാരനുമായി അടുത്ത സമ്പർക്കം പുലർത്തിയ 30 പേരുടെയും പരിശോധനാ ഫലങ്ങളാണ് ഇതുവരെ നെഗറ്റീവ് ആയിരിക്കുന്നത്.
നിലവിൽ 68 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്. ഇന്നലെ രാത്രി 10 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ളവർ ഉൾപ്പടെ ആരുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജീവികളിൽ നിന്നും സാമ്പിൾ ശേഖരിക്കുന്ന കാര്യത്തിൽ ഏകോപനം ഉറപ്പാക്കും. ഭോപാലിലെ എൻഐവി ലാബിൽ നിന്നുള്ള സംഘം അടുത്ത ദിവസം കോഴിക്കോട് എത്തി ജീവികളിൽ നിന്ന് സാമ്പിളുകൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിപയെ തുടർന്ന് ഏർപെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏത് രീതിയിൽ തുടരണമെന്ന് ചർച്ചക്ക് ശേഷം തീരുമാനിക്കും.