മാവൂര്‍: നിപ വൈറസിൻ്റെ ഉറവിടം തേടിപാഴൂരിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ ആടുകളില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പ് രക്തസാമ്പിള്‍ ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. പാഴൂരിലെയും പരിസരങ്ങളിലെയും ഫാമുകളിലെയും വീടുകളിലെയും ആടുകളില്‍ നിന്നുമാണ് സാമ്പിള്‍ ശേഖരിച്ചത്.
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.കെ. ബേബി, കണ്ണൂര്‍ റീജനല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ ഡോ. വര്‍ഗീസ്, ലാബ് ടെക്നീഷ്യന്‍ എന്‍. രവീന്ദ്രന്‍, മൃഗസംരക്ഷണവകുപ്പിലെ എപ്പിഡമിസ്റ്റ് ഡോ. നിഷ എബ്രഹാം, വെറ്ററിനറി സര്‍ജന്‍ ഡോ. കെ.സി. ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
നിപ സ്ഥിരീകരിച്ചു മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ രണ്ട് ആടുകളില്‍ നിന്ന് തിങ്കളാഴ്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ രക്തസാമ്പിളും സ്രവ സാമ്പിളുകളും ശേഖരിച്ചിരുന്നു.