കോഴിക്കോട്: നിപ വൈറസ് ബാധിച്ച് 12-വയസുകാരൻ ഹാഷിം മരിക്കാനിടയായ സാഹചര്യത്തിൽ വൈറസിൻ്റെ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി മൃഗസംരക്ഷണ വകുപ്പും പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി രണ്ട് മാസം മുമ്പ് ചത്ത ആടിന്‍റെ രക്തവും സ്രവവും ശേഖരിക്കും.
വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാൽ രോഗം സ്ഥിരീകരിച്ച മേഖലയിൽ കാട്ടു പന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. സ്രവം ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കും.
കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുൻപ് ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗാത്തിന് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്‍റെ സ്രവം പരിശോധനക്കെടുത്തത്. പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാല്‍ ഇതിനേയും പിടികൂടി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്.
അതേസമയം നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമം ആരോഗ്യ വകുപ്പ് തുടരുകയാണ്. കുട്ടിയുടെ വീടും പരിസരവും കൃത്യമായി പരിശോധിച്ചുവരികയാണ്. ഒപ്പം കുട്ടിയുമായി സമ്പർക്കത്തിലായിരുന്നവരെയും പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കുട്ടിയുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേർക്കാണ് നിലവിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരുടേതടക്കം ഏഴ് പേരുടെ സ്രവം പുണെയിലേക്ക് പരിശോധനയക്കയച്ചിട്ടുണ്ട്. 12 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകുമെന്നാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനെ അറിയിച്ചിട്ടുള്ളത്.
നിരീക്ഷണത്തിലുള്ള, അടുത്ത സമ്പർക്കം പുലർത്തിയവരുടെ ട്രൂനാറ്റ് ടെസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നടക്കും. ഇതിനായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനവും സംഘവും ഇന്ന് കോഴിക്കോടെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.