കോഴിക്കോട് : നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് ജില്ലയില്‍ പന്ത്രണ്ടുവയസുകാരന്‍ മരിച്ചതിന് പിന്നാലെ സംസ്ഥാനം അതീവ ജാഗ്രതയിൽ. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് 188 പേരാണ് കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതില്‍ 20 പേര്‍ ഹൈറിസ്‌ക് പട്ടികയിലുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര സംഘം കോഴിക്കോട് ചാത്തമംഗലത്ത് എത്തി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. കുട്ടി ഇവിടെ നിന്ന് റംബൂട്ടാന്‍ കഴിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പറമ്പ് പരിശോധിച്ചു. പ്രദേശത്ത് ഇന്നും പരിശോധന തുടരും എന്നാണ് വിവരം.
അതേസമയം കുട്ടിയുടെ അമ്മയ്‌ക്ക് നേരിയ പനി അനുഭവപ്പെട്ടത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചു. ഇവരെ സുരക്ഷിതമായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായാണ് വിവരം. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും സ്വകാര്യ ആശുപത്രിയിലേയും രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.
അസാധാരണമായി ആര്‍ക്കെങ്കിലും പനിയോ മറ്റ് അസുഖങ്ങളോ വന്നാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. നിപ പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ലാബ് സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്.