ഓവലില്‍ കളം നിറഞ്ഞ് ഇന്ത്യന്‍ ബൗളര്‍മാര്‍ ; ഇംഗ്ലണ്ടിനെ ഒതുക്കിയത് 157 റണ്‍സിന്

ഓവല്‍: ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ അവസാന ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ സമ്പൂര്‍ണ ആധിപത്യം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 210 റണ്‍സിന് ഒതുക്കി ഇന്ത്യ നേടിയത് 157 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. 63 റണ്‍സെടുത്ത ഹസീബ് ഹമീദാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായത്. 1 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ നിന്നാണ് 210 റണ്‍സിന് ഇംഗ്ലണ്ട് എല്ലാവരും പുറത്തായത്.

ഓപ്പണര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്ത് തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് അനായാസം സ്‌കോര്‍ ചെയ്യാമെന്നാണ് കരുതിയതാണ്. ഇന്ത്യക്ക് ഒന്നാം വിക്കറ്റ് ലഭിച്ചത് സ്‌കോര്‍ നൂറിലെത്തിയപ്പോഴാണ്. 50 റണ്‍സെടുത്ത റോറി ബേണ്‍സിനെ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ശാര്‍ദൂല്‍ താക്കൂറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

പിന്നീടങ്ങോട്ട് ഇന്ത്യന്‍ ബൗളര്‍മാരുടെ കൈകളിലായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്മാര്‍. ഹസീബ് ഹമീദ് 63 റണ്‍സെടുത്ത് നില്‍ക്കെ ജഡേജ പുറത്താക്കിയപ്പോള്‍ ഡേവിഡ് മലാന്‍ 5 ന് റണ്‍ ഔട്ടായി പുറത്തായി. പിന്നീട് വലിയ കൂട്ടുകെട്ടുകള്‍ക്കൊന്നും ഇന്ത്യ അവസരം നല്‍കിയില്ല. ഇടവേളകളില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീണ്ടുകൊണ്ടിരുന്നു. ഒന്നാം ഇന്നിങ്‌സിലെ ഹീറോ ഒല്ലി പോപ്പിനെയും (2) അപകടകാരിയായ ജോണി ബെയര്‍‌സ്റ്റോയെയും (0) പുറത്താക്കി ജസ്പ്രീത് ബുംറ ഇരട്ടപ്രഹരം നല്‍കി.

റണ്ണൊന്നുമെടുക്കും മുന്‍പ് മോയിന്‍ അലിയെ ജഡേജ പുറത്താക്കി. ഒന്നാം ഇന്നിങ്‌സില്‍ അര്‍ധശതകം നേടിയ ക്രിസ് വോക്‌സ് ഉമേഷ് യാദവിന് മുന്നിലാണ് കീഴടങ്ങിയത്. വോക്‌സ് 18 റണ്‍സ് നേടി. വാലറ്റത്ത് ക്രെയ്ഗ് ഓവര്‍ടണിനെയും ഉമേഷ് യാദവാണ് പുറത്താക്കിയത്. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബുംറ, താക്കൂര്‍, ജഡേജ എന്നിവര്‍ 2 വീതം വിക്കറ്റുകളെടുത്തു.