വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി ജോ ബൈഡന്‍

വാഷിങ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 2001 സെപ്റ്റംബര്‍ 11ലെ ആക്രമണവുമായി ബന്ധപ്പെട്ട് എഫ് ബി ഐ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രഹസ്യ രേഖകള്‍ പരസ്യമാക്കാനാണ് നീതിന്യായ വകുപ്പിനോടും മറ്റ് ഏജന്‍സികളോടും ബൈഡന്‍ നിര്‍ദേശിച്ചത്. ആറുമാസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 20ാം വാര്‍ഷികം അടുത്തിരിക്കെയാണ് ഇത്തരമൊരു നിര്‍ദേശം ബൈഡന്‍ നല്‍കിയത്. അന്നത്തെ ആക്രമണത്തെ അതിജീവിച്ചവരും ആക്രമണത്തിന് ഇരകളായ മൂവായിരത്തോളം പേരുടെ ബന്ധുക്കളും ഇക്കാര്യം ആവശ്യപ്പെട്ട് ബൈഡന് കത്തയച്ച പശ്ചാത്തലത്തില്‍ കൂടിയാണ് നിര്‍ദ്ദേശം.

അല്‍ഖ്വയ്ദ തീവ്രവാദികളെ സൗദി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക മനപ്പൂര്‍വ്വം മറച്ചുവെക്കുകയാണെന്ന് കത്തയച്ചവര്‍ ആരോപിച്ചിരുന്നു. അതിനാല്‍ സൗദിയുടെ പങ്കിനെക്കുറിച്ചുള്ള രഹസ്യ ഫയലുകള്‍ പരസ്യപ്പെടുത്താന്‍ ബൈഡന് മേല്‍ സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് പുതിയ നീക്കം.

”ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍, 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയ്‌ക്കെതിരെ നടത്തിയ ഭീകരാക്രമണവുമായി ബന്ധപ്പെ വിവരങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുമെന്ന് വാക്കു നല്‍കിയിരുന്നു. ആ വാക്ക് പാലിക്കാന്‍ ഇപ്പോള്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്,” ബൈഡന്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു.

ഇതുപ്രകാരം അറ്റോര്‍ണി ജനറല്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ഈ രഹസ്യരേഖകള്‍ പരസ്യപ്പെടുത്തണമെന്നും ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. രേഖകള്‍ പുറത്തുവിടാത്ത പക്ഷം അടുത്ത ആഴ്ച നടക്കേണ്ട അനുസ്മരണ പരിപാടികള്‍ ഒഴിവാക്കണമെന്നും ആക്രമണത്തിന് ഇരയായവരും അടക്കമുള്ളവര്‍ ബൈഡന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സൗദി അറേബ്യ അല്‍ഖ്വയ്ദയ്ക്ക് നേരിട്ട് ധനസഹായം നല്‍കിയതിന്റെ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും സൗദി ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആക്രമണത്തെക്കുറിച്ച് നേരത്തെ പുറത്തുവന്നത്. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം സംഘടിപ്പിച്ച 19 ല്‍ 15 പേരും സൗദി പൗരന്മാരായിരുന്നു എന്നതും ഇവര്‍ ചൂണ്ടികാട്ടുന്നു.

മൂവായിരത്തോളംപേരുടെ മരണത്തിനിടയാക്കിയ ആക്രമണം ലോകംകണ്ട ഏറ്റവുംവലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു. രണ്ട് പാസഞ്ചര്‍ എയര്‍ലൈനുകളായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററില്‍ അന്ന് ഇടിച്ചു കയറ്റിയത്. മൂന്നാമത്തേത് പെന്റഗണില്‍ തകര്‍ന്നുവീണു.

വാഷിംഗ്ടണ്‍ ഡി സിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഒരു വയലില്‍ തകര്‍ന്നു വീഴുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അല്‍ഖ്വയ്ദ തലവനായിരുന്ന ബിന്‍ ലാദന്‍ പിന്നീടത് നിഷേധിക്കുകയും ചെയ്തു.