ന്യൂഡെല്‍ഹി: രാജ്യത്ത് കാന്‍സര്‍ ചികിത്സയ്ക്ക് അടക്കമുള്ള 39 അവശ്യ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി മന്‍സുഖ് മാന്‍ഡവ്യയാണ് ഇളവ് പ്രഖ്യാപിച്ചത്. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ 39 മരുന്നുകള്‍ പുതുതായി ഉള്‍പ്പെടുത്തി. കാന്‍സര്‍ മരുന്നുകള്‍ക്ക് 80 ശതമാനം വരെ വില കുറയുമെന്നും റിപ്പോര്‍ട്ടുണ്ട്.
പട്ടികയില്‍ ഉള്‍പ്പെടുത്തിയവയില്‍ കൂടുതലും കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ്. കാന്‍സര്‍ ചികിത്സയ്ക്ക് കൂടുതലായി ഉപയോഗിക്കുന്ന അസാസിറ്റിഡിന്‍, ഫ്‌ളൂഡറാബിന്‍ എന്നിവ പട്ടികയിലുണ്ട്. എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡോളുതെഗ്രാവിര്‍, ദാരുണവിര്‍- റിറ്റോണവിര്‍ സംയുക്തം എന്നിവയ്ക്കും വില കുറയും. കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐവര്‍മെക്ടിനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ള 16 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്ന് പട്ടിക പുതുക്കുന്നത്. നിലവില്‍ 374 ഓളം മരുന്നുകള്‍ എന്‍എല്‍ഇഎം പട്ടികയില്‍ ഉണ്ട്.