സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനം പൂർണമായി അവസാനിപ്പിക്കണമെന്ന് ശമ്പള കമീഷൻ

തിരുവനന്തപുരം: സര്‍വിസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക്​ സര്‍ക്കാര്‍ ജോലി നല്‍കുന്ന സംവിധാനം പൂര്‍ണമായി അവസാനിപ്പിക്കണമെന്ന്​ 11ാം ശമ്പള കമീഷന്‍ ശുപാര്‍ശ ചെയ്​തു. അതേസമയം സാമ്പത്തിക ആനുകൂല്യങ്ങള്‍ പരിഷ്​കരിച്ച്‌​ നല്‍കണമെന്നും എക്​സ്​ഗ്രേഷ്യ ഉയര്‍ത്തണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.

ആശ്രിതനിയമനം ഭരണഘടനയിലെ മൗലികാവകാശത്തില്‍ പെട്ട ആര്‍ട്ടിക്കിള്‍ 16 ​ൻ്റെ അന്തസ്സത്ത ലംഘിക്കുകയും സര്‍വിസ്​ കാര്യക്ഷമതയില്‍ ഇടിവ്​ വരുത്തുകയും ചെയ്യുന്നു. പൊതു ഉദ്യോഗാര്‍ഥികള്‍ക്ക്​ ഇതുവഴി അവസരം കുറയുന്നു. സര്‍ക്കാര്‍ ജോലി പാരമ്പര്യമായി നല്‍കുന്നത്​ അനൗചിത്യമാണ്​. നിരവധി വകുപ്പുകളില്‍ ആകെ നിയമനത്തി​ൻ്റെ 15 ശതമാനത്തോളം ആശ്രിത നിയമനമായി മാറുന്നതും കമീഷന്‍ ചൂണ്ടിക്കാട്ടി.

മറ്റ്​ ശുപാര്‍ശകള്‍;

സര്‍വിസില്‍ പ്രവേശിക്കു​മ്പോള്‍ ഇന്‍ഡക്​ഷന്‍ ട്രെയിനിങ്ങും പിന്നീട്​ ഇന്‍ സര്‍വിസ്​ ട്രെയിനിങ്ങും നല്‍കണം.
വകുപ്പ്​ മേധാവികളുടെ നിയമനത്തിന്​ ചീഫ്​ സെക്രട്ടറി അധ്യക്ഷനായ ബോര്‍ഡ്​ വേണം. പൊതുജന സേവനം മികച്ചതാക്കാന്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കണം​. ബജറ്റില്‍ ഫണ്ട്​ അനുവദിക്കണം.
സേവനാവകാശ നിയമം നടപ്പാക്കാന്‍ ചീഫ്​ കമീഷനെ നിയമിക്കണം.

കൂടുതല്‍ ജനസമ്പര്‍ക്കമുള്ള ഓഫിസുകളില്‍ നിലവിലുള്ള ഒരു ഉദ്യോഗസ്​ഥനെ പബ്ലിക്​ കോണ്ടാക്​ട്​ ദാഫിസറായി നിയമിക്കണം
പൊതുജനങ്ങളുമായി ഇടപെടുന്ന എല്ലാ ഉദ്യോഗസ്​ഥരും പേര്​ ​ വെച്ച ബാഡ്​ജ്​ ധരിക്കണം.
ഓരോ വകുപ്പി​ന്‍റെയും ഏജന്‍സിയുടെയും ലക്ഷ്യങ്ങളും പ്രവൃത്തികളും ചുമതലകളും സ്വതന്ത്രമായി പരിശോധിക്കാന്‍ സിവില്‍ സര്‍വിസ്​ റിവ്യൂ മിഷന്‍ രൂപവത്​കരിക്കണം.

സത്​ഭരണത്തിന്​ (ഗുഡ്​ ഗവേര്‍ണന്‍സ്​) ഒരു തിങ്ക്​ ടാങ്ക്​ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ഇ-ഗവേണന്‍സ്​ ഉള്‍പ്പെടെ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി ആസൂത്രണ ബോര്‍ഡിന്​ സമാനമായി ഗുഡ്​ ഗവേര്‍ണന്‍സ്​ ബോര്‍ഡ്​ രൂപവത്​കരിക്കണം.
സഹകരണ ഓഡിറ്റ്​ ഘട്ടംഘട്ടമായി ചാര്‍​ട്ടേഡ്​ അക്കൗണ്ടന്‍റുമാരെ ഏല്‍പിക്കണം. പത്ത്​ വര്‍ഷം കൊണ്ട്​ മാറ്റം പൂര്‍ണമാക്കണം.

ടൈപ്പിസ്​റ്റ്​, കമ്പ്യൂട്ടര്‍ അസി, പ്യൂണ്‍, ഓഫിസ്​ അറ്റന്‍റന്‍റ്​ തുടങ്ങിയ തസ്​തികകളിലേക്കുള്ള പുതിയ നിയമനം ആവശ്യകത നോക്കി മാത്രമേ നടത്താവൂ. അപേക്ഷയുടെ ആദ്യഘട്ടത്തില്‍ തന്നെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും അറ്റസ്​റ്റഡ്​ കോപ്പിയു വേണമെന്ന നിലപാട്​ വകുപ്പുകള്‍ പുനഃപരിശോധിക്കണം.
സ്​ത്രീ സൗഹൃദ അടിസ്​ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാറും തദ്ദേശ സ്​ഥാപനങ്ങളും ഫണ്ട്​ നല്‍കണം.