ടോക്യോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് വെള്ളി

ടോക്യോ: പാരാലിംപിക്സില്‍ ഇന്ത്യക്ക് ഹൈജമ്പില്‍ വെള്ളി. ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് വെള്ളി നേടിയത്. ഇതോടെ ടോക്യോ പാരാലിപിംക്‌സില്‍ രാജ്യത്തിന്റെ നേട്ടം 11 ആയി ഉയര്‍ന്നു. 2.07 മീറ്റര്‍ ചാടിയാണ് 18കാരനായ പ്രവീണ്‍ കുമാര്‍ പാലാരിംപിക്സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. പ്രവീണ്‍ കുമാറിന്റെ ആദ്യ പാരാലിംപിക്‌സ് മത്സരമായിരുന്നു ടോക്യോവിലേത്.

മൂന്ന് ശ്രമത്തിലും 2.10മീ കണ്ടെത്താന്‍ പ്രവീണിന് കഴിഞ്ഞില്ല. എങ്കിലും തന്റെ ഏറ്റവും മികച്ച ദൂരവും ഏഷ്യന്‍ റെക്കോര്‍ഡുമാണ് പ്രവീണ്‍ ടോക്യോവില്‍ കണ്ടെത്തിയത്. പ്രവീണിന്റെ കഠിനാധ്വാനത്തിന്റേയും സമര്‍പ്പണത്തിന്റേയും ഫലമാണ് ഈ മെഡല്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗ്രേറ്റ് ബ്രിട്ടന്റെ ജോനാഥന്‍ ബ്രൂം എഡ്വാര്‍ഡ്‌സിനാണ് സ്വര്‍ണ്ണം.തന്റെ സീസണിലെ ഏറ്റവും മികച്ച പ്രകടനമായ 2.10 മീറ്റര്‍ ചാടിയാണ് ബ്രൂം സ്വര്‍ണ്ണം നേടിയത്.പോളണ്ട് താരം ലെപിയാറ്റോ വെങ്കലവും കരസ്ഥമാക്കി. 2.04 മീറ്റര്‍ ചാടിയാണ് റിയോ ഗെയിംസ് ചാമ്പ്യനും കൂടിയായ മാസി ലെപിയാറ്റോയ്ക്കാണ് വെങ്കല നേട്ടത്തിലെത്തിയത്.