പഞ്ചഷീറിൽ അതിശക്തമായ ഏറ്റുമുട്ടൽ; നുഴഞ്ഞുകയറാൻ ശ്രമിച്ച 40 താലിബാൻ ഭീകരരെ കൊലപ്പെടുത്തി പ്രതിരോധസേന

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ പഞ്ചഷീർ പ്രവിശ്യയില്‍ താലിബാൻ ഭീകരരും പ്രതിരോധ സേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. താലിബാന്‍ തീവ്രവാദികളും താലിബാന്‍ വിരുദ്ധ ഗ്രൂപ്പും തമ്മില്‍ അഫ്ഗാനിലെ പഞ്ചഷീർ താഴ്‌വരയില്‍ വ്യാഴാഴ്ച രാത്രി കനത്ത പോരാട്ടം ഉണ്ടായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്റെ ആധിപത്യം താലിബാന്‍ ഏറ്റെടുത്തതു മുതല്‍ പ്രതിരോധസേന താലിബാൻ ഭീകരരെ ചെറുക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞദിവസം പഞ്ച ഷീറിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 40 താലിബാന്‍ ഭീകരരെ കൊലപ്പെടുത്തിയതായി പ്രതിരോധസേനയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പഞ്ച്ഷീറില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പോരാട്ടം കനത്തത്. സകല ശക്തിയുമെടുത്ത് പ്രതിരോധ സേനയെ കീഴടക്കാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ട്.

ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. കാബൂളിന് 90 മൈല്‍ വടക്ക് ഹിന്ദു കുഷ് പര്‍വതനിരകളിലാണ് പഞ്ച്ഷീര്‍ താഴ്​വര. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മിന്നലാക്രമണം നടത്തിയിട്ടും പ്രതിരോധത്തിന്റെ ഈ ശക്തികേന്ദ്രത്തെ കീഴ്പ്പെടുത്താന്‍ താലിബാൻ ഭീകരർക്ക് കഴിഞ്ഞിട്ടില്ല.