കെസി വേണുഗോപാൽ ഗ്രൂപ്പ് സംസ്ഥാന കോൺഗ്രസിൽ പിടിമുറുക്കി; പരസ്പരം പുകഴ്ത്തി നേതാക്കൾ ; കെ സുധാകരനെയും വി ഡി സതീശനെയും മുന്നിൽ നിർത്തി കണ്ണൂരിൽ അങ്കം തുടങ്ങി

കണ്ണൂര്‍: സംസ്ഥാന കോൺഗ്രസിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേത്യത്വം നൽകുന്ന ഗ്രൂപ്പ് പിടിമുറുക്കി. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുന്നിൽ നിർത്തിയുള്ള വേണുഗോപാൽ ഗ്രൂപ്പിൻ്റെ ആധിപത്യം വിളിച്ചോതുന്ന പ്രഥമ പരിപാടിയായി കണ്ണൂര്‍ ഡിസിസിയുടെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങ്.

ഡിസിസി അധ്യക്ഷ നിയമനത്തെച്ചൊല്ലി നേതൃത്വവുമായി ഇടഞ്ഞതിനു പിന്നാലെ രാഹുല്‍ ഗാന്ധി ഓൺലൈനിൽ പങ്കെടുത്ത പാര്‍ട്ടി പരിപാടിയില്‍നിന്നു മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. ഓണ്‍ലൈനിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇരുവരും എത്തിയില്ല.

ഇന്നു രാവിലെയാണ് കണ്ണൂര്‍ ഡിസിസിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തത്. രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി പങ്കെടുത്ത ചടങ്ങില്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നാടമുറിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വേണുഗോപാലും സുധാകരനും സതീശനും പരസ്പരം പുകഴ്ത്തയും അവരുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്ന രീതിയിൽ പ്രസംഗിക്കുകയും ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെ സുധാകരന്‍ ആണെന്ന് വിഡി സതീശന്‍ വേദിയില്‍ പറഞ്ഞു. സുധാകരന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി.

പരസ്യമായി അഭിപ്രായം പറയുന്നവര്‍ സ്വയം നിയന്ത്രിക്കണം. വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവണം. ഭിന്നതകള്‍ ചര്‍ച്ചകളിലുടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. അച്ചടക്കമില്ലാതെ പാര്‍ട്ടിക്കു നിലനില്‍പ്പില്ലെന്ന് സുധാകരന്‍ പറഞ്ഞു.