തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവാദമായ സ്പ്രിങ്ക്ളർ ഇടപാടിൽ സർക്കാരിനെയും മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെയും വെള്ളപൂശി അന്വേഷണ റിപ്പോർട്ട്. കരാറിൽ ശിവശങ്കറിന് ഗുഢതാത്പര്യങ്ങളില്ലായിരുന്നുവെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഇടപാടിനെക്കുറിച്ച് പരിശോധിച്ച രണ്ടാം സമിതിയുടെ റിപ്പോർട്ട് ആണിത്.
നേരത്തെ സ്പ്രിങ്കളർ ഇടപാട് സംബന്ധിച്ച് ആദ്യം അന്വേഷിച്ച മാധവൻ നമ്പ്യർ സമിതി സർക്കാരിനും ശിവശങ്കറിനും എതിരായ റിപ്പോർട്ടാണ് നൽകിയത്. സ്പ്രിങ്കളർ കരാർ സംസ്ഥാന താത്പര്യങ്ങൾ വിരുദ്ധമായിരുന്നുവെന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾക്ക് മേൽ സ്വകാര്യ കമ്പനിക്ക് പൂർണ അധികാരം നൽകുന്ന സ്ഥിതിയുണ്ടായിരുന്നുവെന്നുമായിരുന്നു ആദ്യ സമിതിയുടെ കണ്ടെത്തൽ.
ആദ്യ റിപ്പോർട്ട് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ സർക്കാർ ഈ റിപ്പോർട്ട് പരിശോധിക്കാൻ രണ്ടാമതൊരു സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ സമിതിയാണ് സർക്കാരിനെയും ശിവശങ്കറിനെയും വെള്ളപൂശി പുതിയ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
കരാറിൽ വീഴ്ചകളുണ്ടായിരുന്നുവെങ്കിലും ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും കരാർ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമല്ലെന്നുമാണ് റിപ്പോർട്ടിൽ വെള്ളപൂശിയിരിക്കുന്നത്.
എംഎൽഎമാരായ പിടി തോമസ്, പിസി വിഷ്ണുനാഥ് എന്നിവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനെ തുടർന്നാണ് സർക്കാർ മുൻ നിയമസെക്രട്ടറി കെ. ശശിധരൻനായരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. സമിതിക്ക് വേണ്ടി 5.27 ലക്ഷം രൂപ ചിലവഴിച്ചതായും സർക്കാർ മറുപടിയിൽ പറയുന്നു.
ഏപ്രിൽ 24നാണ് സമിതി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. കൊറോണ വിവര ശേഖരണത്തിന് സ്പ്ലിംഗർ കമ്പനിയെ ചുമതലപ്പെടുത്തിയ കരാർ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. മുഖ്യമന്ത്രി അറിയാതെയാണ് കമ്പനിയെ ഇതിനായി നിയോഗിച്ചതെന്നാണ് കമ്മീഷൻ്റെ അതിവിദഗ്ധമായ കണ്ടെത്തൽ. എന്നാൽ ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തിയിരുന്നില്ലെന്ന് പേരിനൊരു കുറ്റപ്പെടുത്തലുമുണ്ട്.
ഒരുമാസത്തോളം മാത്രമാണ് സ്പ്ലിംഗർ കരാർ നിലനിന്നതെന്നും ഡാറ്റാ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ ഡാറ്റയും സിഡിറ്റിന്റെ ഡാറ്റാ സെന്ററിലേക്ക് മാറ്റിയതായും ഇതിൽ അവകാശപ്പെടുന്നു.