ജസ്റ്റിസ് സി ടി രവികുമാര്‍ അടക്കം ഒമ്പതു പേര്‍ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡെല്‍ഹി : ജസ്റ്റിസ് സി ടി രവികുമാര്‍ അടക്കം ഒമ്പതു പേര്‍ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതിയ ജഡ്ജിമാരില്‍ മൂന്നു പേര്‍ വനിതകളാണ്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒമ്പതു ജഡ്ജിമാര്‍ ഒരേസമയം സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സാധാരണ ചീഫ് ജസ്റ്റിസിന്റെ കോര്‍ട്ട് റൂമിലാണ് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടക്കാറുള്ളത്. എന്നാല്‍ കൊറോണ സാഹചര്യം പരിഗണിച്ച് സാമൂഹിക അകലം ഉറപ്പാക്കുക ലക്ഷ്യമിട്ട് സുപ്രീംകോടതി കോംപ്ലക്‌സിലെ ഓഡിറ്റോറിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചത്.

പുതിയ ജഡ്ജിമാര്‍ ചുമതലയേറ്റതോടെ, സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അഭയ് ശ്രീനിവാസ് ഓഖ, ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജിതേന്ദ്രകുമാര്‍ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേശ്, കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ജഡ്ജി ഹിമ കോഹ്‌ലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റത്.

ഇതോടെ 2027 ല്‍ ഇന്ത്യയ്ക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകാനും അവസരമൊരുങ്ങി. ജസ്റ്റിസ് ബി വി നാഗരത്‌നയാകും സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകുക. 1989 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്‌ന.

കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയായിരുന്നു ജസ്റ്റിസ് സി ടി രവികുമാര്‍. ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ബെഞ്ച് ക്ലര്‍ക്കായിരുന്നു രവികുമാറിന്റെ അച്ഛന്‍ തേവന്‍. അച്ഛന്‍ കോടതി ജീവനക്കാരനായിരുന്നത് നീതിന്യായമേഖല തെരഞ്ഞെടുക്കാന്‍ പ്രചോദനമായതായി ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ലോ കോളേജിലായിരുന്നി നിയമപഠനം. 1996 ല്‍ ഗവണ്‍മെന്റ് പ്ലീഡറായ ജസ്റ്റിസ് രവികുമാര്‍, 2009 ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്.