തിരുവനന്തപുരം: നെടുമങ്ങാട് ആണ്‍സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. സുര്യഗായത്രി (20) ആണ് മരിച്ചത്. പതിനഞ്ചോളം തവണയാണ് യുവതിക്ക് കുത്തേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് യുവതി മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ആര്യനാട് സ്വദേശിയായ അരുണാണ് യുവതിയെ ആക്രമിച്ചത്. യുവതിയുടെ പിതാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നു പ്രതിയെ പിടികൂടി വലിയമല പോലീസിനെ ഏല്‍പ്പിച്ചു. ആക്രമണത്തിന് ശേഷം സമീപത്തെ മറ്റൊരു വീടിന് മുകളില്‍ കയറിയ അരുണിനെ നാട്ടുകാര്‍ കീഴടക്കുകയായിരുന്നു.
സിനിമാ പബ്ലിസിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പേയാട് സ്വദേശി അരുണ്‍ നെടുമങ്ങാട് വരുമ്പോഴൊക്കെ പെണ്‍കുട്ടിയുടെ അമ്മ നടത്തിയിരുന്ന ലോട്ടറി കടയില്‍ നിന്നും പതിവായി ലോട്ടറി എടുത്തിരുന്നു. അങ്ങനെ പെണ്‍കുട്ടിയുമായുള്ള പരിചയം തുടങ്ങി. ഇതിനെ പ്രണയമായി അരുണ്‍ തെറ്റിധരിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു.
ഇതോടെ പെണ്‍കുട്ടിയോട് പകയായ അരുണ്‍ പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ നിന്നും തിരിച്ച് സ്വന്തം വീട്ടിലെത്തുന്നതിന് കാത്തിരിക്കുകയായിരുന്നു. വിദേശത്ത് ജോലിയുള്ള ഭര്‍ത്താവ് അവധി കഴിഞ്ഞ് തിരിച്ചുപോയതിനാല്‍ പെണ്‍കുട്ടി വീട്ടിലെത്തിയ കാര്യം കഴിഞ്ഞ ദിവസമാണ് അരുണ്‍ അറിയുന്നത്. ഇതോടെ രണ്ടും കല്‍പ്പിച്ച് പകരം വീട്ടാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഇയാള്‍ എത്തിയതും പെണ്‍കുട്ടിയെ ആക്രമിച്ചതും.