മൈസൂരൂ: വിദ്യാര്‍ത്ഥിനികള്‍ വൈകിട്ട് ആറരയ്ക്ക് ശേഷം പുറത്തുപോകുന്നത് വിലക്കിക്കൊണ്ട് മൈസൂര്‍ സര്‍വ്വകലാശാല പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്‍ക്കുലര്‍ വിവാദമായതിനെത്തുടര്‍ന്നാണ് പിന്‍വലിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച മൈസൂരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയായിരുന്നു സര്‍വ്വകലാശാല രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇത് വിവാദമായതോടെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ജി ഹേമന്തകുമാറാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.
പെണ്‍കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിയമമെന്നായിരുന്നു സര്‍വ്വകലാശാല അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കുലറില്‍ ആണ്‍കുട്ടികളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 5 പേരെയാണ് ഇതുവരെ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡി ഹില്‍സിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഘത്തിലെ ഒരാള്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ നടക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈസൂരില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയാവുകയിരുന്നു. അതേസമയം, അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.