ന്യൂഡെല്‍ഹി: രാജ്യത്തെ പ്രതിദിന കൊറോണ കേസുകളില്‍ വീണ്ടും വര്‍ദ്ധനവ് തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 45,083 കൊറോണ കേസുകളാണ്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3.26 കോടി ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 460 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,37,830 ആയി ഉയര്‍ന്നു. 460 മരണങ്ങളില്‍ 153 കൊറോണ മരണങ്ങളും കേരളത്തിലാണ്. കേരളത്തില്‍ ഇതുവരെ 20,466 പേരാണ് മരിച്ചത്. രാജ്യത്ത് 1.34 ശതമാനമായിരുന്നു മരണനിരക്ക്.
അതേസമയം കൊറോണയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.53 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,840 പേര്‍ കൊറോണ മുക്തി നേടി. ഇതോടെ 3,18,88,642 പേരാണ് രോഗ മുക്തരായത്.
വിവിധ സംസ്ഥാനങ്ങളിലായി 3,68,558 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ രണ്ട് ലക്ഷത്തിലധികം സജീവ രോഗികളും കേരളത്തിലാണ്. രാജ്യത്ത് ഇന്നലെ 17,55,327 പരിശോധന നടത്തിയിരിക്കുന്നത്. 51 കോടി പേരിലാണ് ഇതുവരെ രാജ്യത്ത് പരിശോധന നടത്തിയിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73,85,866 പേര്‍ക്ക് കൂടി കൊറോണ പ്രതിരോധ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 63,09,17,927 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പ്രതിദിനം ഒരു കോടിയിലധികം വാക്‌സിനേഷന്‍ നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
മറ്റ് സംസ്ഥാനങ്ങളില്‍ ദിനം പ്രതിയുള്ള കേസുകള്‍ കുറഞ്ഞതോടെ കൂടുതല്‍ ഇളവുകളിലേക്ക് കടക്കുകമ്പോള്‍ കേരളത്തില്‍ ആശങ്ക തുടരുകയാണ്. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തില്‍ ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ശതമാനമാണ്. ഇന്നലെ 31,265 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.