കാബൂൾ: കഴിഞ്ഞ ദിവസത്തെ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളിൽ വീണ്ടും സ്‌ഫോടനം. റോക്കറ്റ് ആക്രമണം ആണെന്നാണ് സൂചന. ഒരു കുട്ടിയടക്കം രണ്ട് പേർ മരിച്ചിട്ടുണ്ട്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോക്കറ്റ് വഴി തെറ്റി ജനവാസ കേന്ദ്രത്തിൽ പതിക്കുകയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
റോക്കറ്റ് ഉപയോഗിച്ചുള്ള ആക്രമണമാണെന്നാണ് സൂചന. ജനവാസ മേഖലയിലാണ് ഇത് പതിച്ചത്. വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് സ്‌ഫോടനം. വ്യാഴാഴ്ച ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ നിരവധി പേർ മരിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ചയിലെ ഇരട്ട സ്‌ഫോടനത്തിൽ 13 യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. കാബൂൾ വിമാനത്താവളത്തിന് സമീപത്ത് തന്നെയാണ് ഇത്തവണയും ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളൂ.
നേരത്തെ, അടുത്ത 24 മണിക്കൂറിനുള്ളിൽ അക്രമണം നടന്നേക്കുമെന്നാന്നായിരുന്നു യുഎസ് മുന്നറിയിപ്പ്. കാബൂൾ വിമാനത്താവളത്തിലും പരിസരത്തുമുള്ള അമേരിക്കൻ പൗരൻമാരോട് അതിവേഗം സുരക്ഷിത മേഖലയിലേക്ക് മാറാൻ എംബസി നിർദേശിച്ചു. സൗത്ത് എയർപോർട്ട് സർക്കിളിലും പഞ്ച്ഷീർ പട്രോൾ സ്‌റ്റേഷനും സമീപം അക്രമം നടന്നേക്കാമെന്നാണ് അമേരിക്കൻ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിൽ 170പേർ കൊല്ലപ്പെട്ടിരുന്നു. സ്ഥിതിഗതികൾ അതീവ ഗുരുതരമായിരിക്കുകയാണ്. വിമാനത്താവളത്തിലെ തീവ്രവാദ ഭീഷണി കൂടിവരികയാണ് എന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അടുത്ത 24-36 മണിക്കൂറിനുള്ളിൽ ആക്രമണമുണ്ടാകുമെന്നാണ് കമാന്റർമാർ നൽകിയ വിവിരമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് സ്ഫോടനം.