ഇളയദളപതി വിജയ്ക്ക് ഒന്നു മുതൽ 41 വരെയുള്ള ഗുണന പട്ടിക; സ്റ്റൈൽ മന്നൻ രജനികാന്തിന് 42 മുതൽ 120 വരെയുള്ള ഗുണന പട്ടിക

പെരുമ്പാവൂർ: അഞ്ജലിയുടെ ചിത്രങ്ങളൊക്കെ ഒരു “കണക്കാ”. ഒരു കണക്കല്ല, ഒരു ഒന്നൊന്നര കണക്ക് ആണെന്ന് പറയാം. കാരണം പെരുമ്പാവൂർ ആശ്രമം ഹൈസ്കൂളിലെ ഒമ്പതാംക്ലാസുകാരി അഞ്ജലി ചിത്രങ്ങൾ വരക്കുന്നത് ഗുണന പട്ടികകൾ കൊണ്ടാണ്.

ഇളയദളപതി വിജയിയെ വരച്ചു കൊണ്ടാണ് തുടക്കം. ഒന്നു മുതൽ 41 വരെയുള്ള ഗുണന പട്ടിക ഉപയോഗിച്ചു. മൂന്നു മണിക്കൂർ കൊണ്ട് ചിത്രം റെഡി.

42 മുതൽ 120 വരെയുള്ള പട്ടികയിൽ തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനെയും വരച്ചു. മൂന്നുമണിക്കൂർ എടുക്കും നടന്മാരെ പെൻസിൽ ഉപയോഗിച്ച്‌ വരയ്‌ക്കാൻ. കൗതുകത്തിന് തുടങ്ങിയതാണ്. വീട്ടുകാരുടെ നല്ല പ്രോൽസാഹനവും കിട്ടി.
അഞ്ജലിയുടെ ചിത്രങ്ങളിൽ സൂക്ഷിച്ചുനോക്കിയാൽ തെളിഞ്ഞുവരിക അക്കങ്ങളാണ്‌.

വെറുതെ വരയ്‌ക്കുന്നതിനുപകരം ഗുണനപ്പട്ടികകൾ എഴുതി ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളാക്കി മാറ്റുകയാണ്‌ പെരുമ്പാവൂർ ആശ്രമം ഹൈസ്കൂളിലെ ഒമ്പതാംക്ലാസുകാരി അഞ്ജലി. ഗുണനപ്പട്ടിക ചിത്രരൂപത്തിൽ ഡ്രോയിങ് ബുക്കിൽ എഴുതിയാണ് നടന്മാരുടെ രൂപം വരയ്ക്കുന്നത്.

അമിതാഭ്ബച്ചനെയും മോഹൻലാലിനെയും വരയ്ക്കാനും അഞ്ജലി തീരുമാനിച്ചിട്ടുണ്ട്‌. 1000 വരെയുള്ള പട്ടികയിൽവരുന്ന വലിയ ചിത്രവും വരയ്ക്കാനുള്ള ശ്രമത്തിലാണ്. വിവിധ രൂപങ്ങളിൽ ബോട്ടിൽ ആർട്ടും തയ്യാറാക്കുന്നു. അഞ്ചാംക്ലാസുമുതൽ സ്വന്തമായി ചിത്രരചന അഭ്യസിക്കുന്ന അഞ്ജലി വാട്ടർകളറിലും ഓയിൽപെയിന്റിലും പെൻസിലിലും ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കാവുംപുറം വട്ടമറ്റം വീട്ടിൽ ഷിജോ തോമസിന്റെയും സുനിതയുടെയും മകളാണ് അഞ്ജലി. സഹോദരി: എയ്ഞ്ചൽ.