മഹാശ്വേതാ ദേവിയുടെത് അടക്കമുള്ള രചനകള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്ത് ഡെല്‍ഹി യൂണിവേഴ്സിറ്റി

ന്യൂഡെല്‍ഹി: പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉള്‍പ്പെടെ രണ്ട് ദളിത് എഴുത്തുകാരുടെ രചനകള്‍ ഡെല്‍ഹി യൂണിവേഴ്‌സിറ്റി സിലബസില്‍ നിന്ന് നീക്കം ചെയ്തു.യൂണിവേഴ്‌സിറ്റിയുടെ മേല്‍നോട്ട സമിതിയാണ് ഇംഗ്ലീഷ് സിലബസില്‍ നിന്ന് രചനകള്‍ നീക്കം ചെയ്തത്.

മേല്‍നോട്ട സമിതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഡെല്‍ഹി യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലെ 15 അംഗങ്ങള്‍ മേല്‍നോട്ട സമിതിയുടെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്.
അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍വെച്ച് 15 അംഗങ്ങളും മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

ദളിത് എഴുത്തുകാരായ ബാമയുടെയും സുകര്‍ത്താരിണിയുടെയും കൃതികള്‍ നീക്കം ചെയ്യാന്‍ മേല്‍നോട്ടസമിതി ആദ്യം തീരുമാനിച്ചെന്നും അവരുടെ സൃഷ്ടികള്‍ക്ക് പകരം ‘സവര്‍ണ്ണ എഴുത്തുകാരിയായ രമാബായി’ യുടെ എഴുത്ത് ഉള്‍ക്കൊള്ളിച്ചുവെന്നുമാണ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിക്കുന്നത്.

പിന്നീട് ഗോത്രവര്‍ഗ സ്ത്രീയെക്കുറിച്ച് മഹാശ്വേതാദേവി എഴുതിയ ദ്രൗപതി എന്ന കഥ നീക്കം ചെയ്യാന്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിനോട് പറയുകയായിരുന്നു. മേല്‍നോട്ട സമിതി എപ്പോഴും വിവേചനത്തോടെയും മുന്‍വിധിയോടെയുമാണ് പെരുമാറുന്നതെന്നും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.